ആരോഗ്യമന്ത്രിയുടെ പദവിയില്‍ നിന്ന് ഒഴിയാനിരിക്കുന്ന പി കെ ശ്രീമതിയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒരുക്കുന്ന സ്വീകരണം വിവാദമാകുന്നു. ഏപ്രില്‍ 30-നാണ് സ്വീകരണം തീരുമാനിച്ചിരിക്കുന്നത്. മന്ത്രിയായിരിക്കെ പി കെ ശ്രീമതി കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ വികസനത്തിന് നല്കിയ സംഭാവനകള്‍ കണക്കിലെടുത്താണ് അധികൃതര്‍ സ്വീകരണ പരിപാടി ഒരുക്കാന്‍ തീരുമാനിച്ചത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി മുന്‍കൂട്ടി വാങ്ങുകയും ചെയ്തു. എന്നാല്‍ ഇതിനെതിരെ യു ഡി എഫ് രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായിരിക്കുന്നത്. സ്വീകരണം നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറണം എന്നാണ് യു ഡി എഫ് ആവശ്യപ്പെടുന്നത്. അനുമതി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കാന് ഒരുങ്ങുകയാണ് യു ഡി എഫ് ഇപ്പോള്‍.
എന്നാല്‍ യു ഡി എഫിന്റെ അറിവോടുകൂടിയാണ് നേരത്തെ ഇതിനായി അനുമതി വാങ്ങിയത് എന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ വാദിക്കുന്നത്.