മുത്തൂറ്റ് പോള്‍ വധക്കേസില്‍ മാധ്യമങ്ങള്‍ വേട്ടയാടുകയും കോടതി വെറുതെ വിടുകയും ചെയ്ത ഗുണ്ടാനേതാവ് ഓംപ്രകാശ് അയ്യപ്പസന്നിധിയിലും തന്റെ ‘തട്ടിപ്പ് പരിപാടി’ ആവര്‍ത്തിച്ചു. ആന്ധ്രയില്‍ നിന്നുള്ള മന്ത്രിയെന്ന് കള്ളരേഖയുണ്ടാക്കി വിഐപി. പരിഗണനയോടെയാണ് ഓംപ്രകാശിന് ദര്ശനസൌകര്യം ഒരുക്കിയതെന്ന് ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനു വേണ്ട ക്രമീകരണങ്ങള്‍ ചെയ്തതു തിരുവനന്തപുരത്തെ ഡിവൈഎസ്പി റാങ്കിലുള്ള അനില്‍ ആണെന്നും പത്രം പറയുന്നു.
“ഓംപ്രകാശ് ഉള്‍പ്പെടെയുള്ള പത്തംഗസംഘത്തിനു വേണ്ടി ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് നിര്‍ദേശിച്ചതാണെന്ന് പറഞ്ഞു ഗസ്റ്റ്ഹൗസില്‍ മുറി ബുക്ക് ചെയ്തത് അനിലാണ്. സുരേഷ്, ഡല്‍ഹി എന്ന പേരിലാണ് മുറി ബുക്ക് ചെയ്തത്. ലക്ഷക്കണക്കിനു ഭക്തര്‍ തല ചായ്ക്കാനിടമില്ലാതെ വിഷമിക്കുമ്പോഴാണ് ആയിരം രൂപയിലേറെ വാടകയുള്ള വിഐപി മുറി സൗജന്യമായി ഓംപ്രകാശിനു തരപ്പെടുത്തിയത്. ദേവസ്വം മരാമത്തു വിഭാഗം ഉന്നതനാണ് ഇതിനുള്ള ഒത്താശ ചെയ്തുകൊടുത്തത്.”
“മരക്കൂട്ടത്തുനിന്ന് ഇവരെ എളുപ്പമാര്‍ഗമായ ചന്ദ്രാനന്ദന്‍ റോഡ് വഴി സന്നിധാനത്തെത്തിച്ചത് അനിലാണ്. ക്യൂവില്‍ നില്‍ക്കാതെ പതിനെട്ടാംപടി ചവിട്ടി സോപാനത്തെത്തിക്കാന് ഒരു സിഐയെയാണു നിയോഗിച്ചത്. സംഭവം വിവാദമായതോടെ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷണമാരംഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് അനില്‍ അവധിയെടുത്തു. കഴിഞ്ഞ മാസം 18-നാണ് ഓംപ്രകാശ് സന്നിധാനത്ത് ഇരുമുടിക്കെട്ടുമായി ദര്‍ശനത്തിനെത്തിയത്” - റിപ്പോര്‍ട്ടില്‍ പറയുന്നു.