ശബരിമല ദുരന്തങ്ങളെല്ലാം ജനുവരി 14-ന്!

തിരുവനന്തപുരം| WEBDUNIA|
PRO
കല്ലും മുള്ളും നിറഞ്ഞ വഴി ചവുട്ടി അയ്യപ്പസന്നിധാനത്തിലെത്തുക എന്നത് അയ്യപ്പഭക്തരുടെ വൃതാനുഷ്ഠാനങ്ങളില്‍ ഏറെ പ്രധാനമാണ്. ശബരിമല കയറ്റം ദുഷ്കരമാണെങ്കിലും ഉത്തരേന്ത്യയിലും മറ്റും നടക്കുന്ന രീതിയില്‍ വന്‍ ദുരന്തങ്ങളൊന്നും കൊച്ചുകേരളത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടനകേന്ദ്രമായ ശബരിമലയില്‍ ഉണ്ടായിട്ടില്ല. ശബരിമലയില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ ദുരന്തമാണ് ഇത്തവണ മകരജ്യോതി രാത്രി നടന്നത്. സന്നിധാനത്തില്‍ നടന്ന ദുരന്തങ്ങളുടെ കണക്കെടുക്കുമ്പോള്‍ ജനുവരി 14-നാണ് ഏറ്റവും കൂടുതല്‍ ദുരന്തങ്ങള്‍ സംഭവിച്ചിട്ടുള്ളത് എന്ന് കാണാം.

ശബരിമലയില്‍ നടന്ന ദുരന്തങ്ങളില്‍ രണ്ടാം സ്ഥാനം 1952-ല്‍ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് ഉണ്ടായ ദുരന്തത്തിനാണ്. അറുപത്തിയാറ് പേര്‍ മരിച്ച ഈ ദുരന്തം ഉണ്ടായത് ഒരു ജനുവരി 14-ന് ആയിരുന്നു. മൊന്നാമത്തെ വലിയ ദുരന്തം നടന്നതും ഒരു ജനുവരി 14-ന് തന്നെ. മകരജ്യോതി ദര്‍ശനത്തിനിടെ പമ്പയില്‍ ഹില്‍ടോപ്പില്‍ തിക്കിലും തിരക്കിലും മണ്ണിടിഞ്ഞുവീണ് അമ്പത്തിരണ്ട് പേര്‍ മരിച്ചത് 1999-ലാണ്.

2010-ലും ശബരിമലയില്‍ ഒരു ദുരന്തം ഉണ്ടായി. എന്നാല്‍ ജനുവരി 13-നാണ് അത് സംഭവിച്ചത്. എരുമേലി-പമ്പ റോഡില്‍ കണമലയില്‍ ആന്ധ്രാ സ്വദേശികളായ തീര്‍ഥാടകര്‍ സഞ്ചരിച്ച ലോറി മറിഞ്ഞ് 15 പേര്‍ മരിച്ചതായിരുന്നു ഈ ദുരന്തം. അതേവര്‍ഷം തന്നെ കണമലക്കടുത്ത് ബസ് മറിഞ്ഞ് അപകടമുണ്ടായിരുന്നു. ഇതില്‍ നിരവധിപേര്‍ മരിച്ചിരുന്നു. ഇതിനിടെ നിരവധി ചെറിയ അപകടങ്ങളും നടന്നിട്ടുണ്ട്. രണ്ടുദിവസം മുമ്പ് എരുമേലി വലിയനടയില്‍ നിയന്ത്രണം വിട്ട ബസ് തീര്‍ഥാടകര്‍ക്കിടയിലേക്ക് പാഞ്ഞുകയറി നാലുപേര്‍ മരിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാരിലേക്ക് ശബരിമലയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് കയ്യും കണക്കുമില്ല. എന്നിട്ടും ദുരന്തങ്ങള്‍ തടയുന്നതിനും ഭക്തര്‍ക്ക് വേണ്ടത്ര സൌകര്യങ്ങള്‍ ഒരുക്കുന്നതിലും മാറിമാറിവരുന്ന സര്‍ക്കാരുകള്‍ അനാസ്ഥ കാണിക്കുന്നത് തുടരുകയാണ്. ഒരു ‘കറവപ്പശു’ എന്ന രീതിയില്‍ ശബരിമലയെ കരുതരുതെന്നും തിരുപ്പതി പോലൊരു മികച്ച തീര്‍ത്ഥാടനകേന്ദ്രമായി ശബരിമലയെ ഉയര്‍ത്തണമെന്നും കാലാകാലങ്ങളില്‍ ജനങ്ങള്‍ സര്‍ക്കാരിനോട് അപേക്ഷിക്കുന്നുണ്ട്. ഇനിയെങ്കിലും സര്‍ക്കാരിന്റെ കണ്ണുതുറക്കുമോ എന്ന് കണ്ടറിയാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :