ആദ്യം തോന്നി ചിരിപ്പിക്കാനായി മാത്രം ജനിച്ചയാളാണെന്ന്; ഒരുപാട് കരഞ്ഞ ആളായിരുന്നുവെന്ന് മനസിലായത് പിന്നീടാണ്- കലാഭവന്‍ മണിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍

Manju Warrier , manju warrier and kalabhavan mani , kalabhavan mani death news

 മഞ്ജു വാര്യര്‍ , കലാഭവന്‍ മണി , മിമിക്രി , കലാഭവന്‍ മണിയുടെ മരണം
കൊച്ചി| jibin| Last Modified തിങ്കള്‍, 7 മാര്‍ച്ച് 2016 (14:16 IST)
സിനിമയിലും ജീവിതത്തിലും എന്നും കൂടെ നിന്ന കലാഭവന്‍ മണിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് നടി മഞ്ജു വാര്യര്‍
ഫേസ്‌ബുക്കില്‍. ഒരുപാട് ചിരിപ്പിക്കുന്ന മണിച്ചേട്ടന്‍ ഒരുപാട് കരഞ്ഞ ആളാണെന്ന് മനസിലായത് പിന്നീടാണെന്നും പോസ്‌റ്റില്‍ പറയുന്നു.

മഞ്ജു വാര്യരുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പുര്‍ണ്ണരൂപം:-

അന്ന്, മണിച്ചേട്ടന്‍ മുകളിലിരുന്നുകൊണ്ട് എന്നെനോക്കി 'തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി' എന്നുപാടി... സല്ലാപത്തിലെ ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച. പക്ഷേ അതിനുമുമ്പ് മണിച്ചേട്ടന്റെ ശബ്ദം മിമിക്രി കാസറ്റുകളില്‍ ഒരുപാട് തവണ കേട്ട് ചിരിച്ചിട്ടുണ്ട്. അച്ഛനും അമ്മയ്ക്കുമായിരുന്നു കൂടുതല്‍ ഇഷ്ടം. നായിക എന്ന വിശേഷണത്തോടൊപ്പം സല്ലാപം തന്ന സന്തോഷങ്ങളിലൊന്ന് മണിച്ചേട്ടനൊപ്പമാണല്ലോ അഭിനയം എന്നതാണ്. ഒരുപാട് ചിരിക്കാമല്ലോ എന്നോര്‍ത്ത് ഒരുപാട് സന്തോഷിച്ചു.

ഒട്ടുമിക്ക സിനിമകളിലും മണിച്ചേട്ടന്‍ ഒപ്പമുണ്ടായിരുന്നു. ആഘോഷമായിരുന്നു ആ നാളുകള്‍. നാടന്‍പാട്ട് പാടാന്‍ പഠിപ്പിക്കല്‍, അനുകരണം... അങ്ങനെ ചിരിമാത്രം നിറഞ്ഞ അവസരങ്ങള്‍. അന്നൊക്കെ തോന്നിയിരുന്നു മണിചേട്ടന്‍ ചിരിപ്പിക്കാനായി മാത്രം ജനിച്ചയാളാണെന്ന്. അത് ഒരുപാട് കരഞ്ഞ ഒരാളായതുകൊണ്ടാണെന്ന് പിന്നീട് മനസ്സിലാകുകയും ചെയ്തു.

വ്യക്തിപരമായ ഒരുപാട് അവസരങ്ങളില്‍ മണിചേട്ടന്‍ ഒപ്പം നിന്നു. ആ മനസ്സിന്റെ നന്മ കണ്ട നേരങ്ങള്‍.

ഇന്നലെ മണിചേട്ടന്‍ എന്നെ ആദ്യമായി കരയിച്ചു. ചിരിപ്പിച്ചവര്‍ കരയിക്കുമ്പോഴാണ് നോവ് കൂടുതല്‍.

അവസാന കാഴ്ചയില്‍ മുകളിലിരുന്നുകൊണ്ട് മണിചേട്ടന്‍ പാടുന്നില്ല... പകരം താഴേക്ക് നോക്കി ചിരിക്കുന്നു...



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :