വോട്ടുചെയ്യാന്‍ ഇറ്റാലിയന്‍ നാവികര്‍ നാട്ടിലേക്ക്

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 22 ഫെബ്രുവരി 2013 (15:18 IST)
PTI
PTI
മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക്‌ ഇറ്റലിയില്‍ പോയി വോട്ടുചെയ്യാന്‍ അനുമതി. ഇറ്റലിയിലെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനും വോട്ട്‌ രേഖപ്പെടുത്താനും നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്ന നാവികരുടെ അപേക്ഷ പരിഗണിച്ചാണ്‌ സുപ്രീംകോടതിയുടെ അനുമതി.

ചീഫ്‌ ജസ്റ്റീസ്‌ അല്‍ത്തമാസ്‌ കബീര്‍ അധ്യക്ഷനായ ബെഞ്ചാണ്‌ നാവികര്‍ക്ക്‌ നാട്ടില്‍ പോകാന്‍ അനുമതി നല്‍കിയത്‌. ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസഡറുടെ പൂര്‍ണ ഉത്തരവാദിത്വത്തോടെയാണ്‌ ഇവരെ നാട്ടിലേക്ക്‌ വിടുന്നതെന്ന്‌ കോടതി വ്യക്തമാക്കി.

നാവികരുടെ പാസ്പോര്‍ട്ട്‌ കൊല്ലത്തെ വിചാരണക്കോടതിയില്‍ നിന്ന്‌ ലഭിച്ചിട്ടില്ലെന്ന്‌ ചൂണ്ടിക്കാട്ടിയപ്പോള്‍ നാവികര്‍ക്കായി പ്രത്യേക പാസ്പോര്‍ട്ടുകള്‍ തയാറാക്കി നല്‍കാനും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട്‌ സുപ്രീംകോടതി നിര്‍ദേശിച്ചു. നാവികര്‍ തിരിച്ചെത്തിയാല്‍ നിലവിലേതുപോലെ നടപടിക്രമങ്ങള്‍ തുടരാനും കോടതി ഉത്തരവിട്ടിട്ടുണ്ട്‌.

ഡിസംബറില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ക്രിസ്മസ്‌ ആഘോഷിക്കാന്‍ കര്‍ശന ഉപാധികളോടെ നാവികരെ നാട്ടില്‍ പോകാന്‍ കേരള ഹൈക്കോടതി അനുവദിച്ചിരുന്നു. എന്നാല്‍ പിന്നീട്‌ നാവികരെ കൊച്ചിയില്‍ പാര്‍പ്പിക്കാന്‍ കേരളത്തിന്‌ അനുമതിയില്ലെന്ന്‌ ചൂണ്ടിക്കാട്ടി സുപ്രീംകോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :