വെട്ടിനിരത്തല്‍ നടത്തുന്നത് സി പി എമ്മിന്റെ നയമാണെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി പി എമ്മില്‍ വെട്ടിനിരത്തല്‍ നടത്തുന്നത് കൊണ്ടാണ് കഴിഞ്ഞ ലോക്സഭയില്‍ മികച്ച പ്രകടനം കാഴ്ച വച്ച സിറ്റിങ്ങ് എം പിമാരെ ഇത്തവണ തെരഞ്ഞെടുപ്പു രംഗത്തു നിന്ന് പിന്‍വലിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വന്‍ വിജയം നേടും. ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ് കോണ്‍ഗ്രസിന്റേത്. ഇത്തവണ കോണ്‍ഗ്രസില്‍ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഐക്യത്തോടെയാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരായി ആരെങ്കിലും പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടാല്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകും. എം എല്‍ എമാര്‍ ലോക്സഭയിലേക്ക് മത്സരിക്കുന്നത് സംബന്ധിച്ച് നേതൃത്വം തീരുമാനം ഒന്നും എടുത്തിരുന്നില്ലെന്നും അദേഹം പറഞ്ഞു.
ഷാനിമോള്‍ ഉസ്മാന് അവര്‍ ആവശ്യപ്പെട്ട മണ്ഡലം നല്കാന് കഴിഞ്ഞില്ലെന്നും ചെന്നിത്തല അറിയിച്ചു. വ്യക്തിപരമായ അസൌകര്യമുണ്ടെങ്കില്‍ പറയുന്നതില്‍ തെറ്റില്ല. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ട മണ്ഡലത്തില്‍ മത്സരിക്കാത്തത് അച്ചടക്ക ലംഘനമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.