തിരുവനന്തപുരം|
WEBDUNIA|
Last Modified വെള്ളി, 31 ഓഗസ്റ്റ് 2007 (12:11 IST)
സംസ്ഥാനത്ത് വീണ്ടുമൊരു ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നു. എക്കാലത്തും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഏത് പ്രശ്നത്തിനും ആവശ്യപ്പെടുന്നത് ജുഡീഷ്യല്‍ അന്വേഷണമാണ്.
എന്നാല്‍ സിറ്റിംഗ് ജഡ്ജിയുടെ സേവനം ഇത്തരം കാര്യങ്ങള്‍ക്കായി വിട്ടുകിട്ടിയ ചരിത്രം സംസ്ഥാനത്ത് സമീപകാലത്തെങ്ങുമില്ല. പി.ജെ ജോസഫുമായി ബന്ധപ്പെട്ട വിമാനയാത്ര വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് ഒരു വര്‍ഷം തികയാറായിട്ടും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
ഇക്കാര്യം നിലനില്‍ക്കെയാണ് ടി.യു.കുരുവിളയ്ക്കെതിരെയും ജുഡീഷ്യല്‍ അന്വേഷണം വരുന്നത്. പ്ലസ് ടു അഴിമതിക്കെതിരെ എ.കെ.ആന്‍റണിയും മതികെട്ടാന്‍ കയ്യേറ്റത്തെ പറ്റി വി.എസ്. അച്യുതാനന്ദനും സ്മാര്‍ട്ട് സിറ്റി കരാറുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയും ആവശ്യപ്പെട്ടത് ജുഡീഷ്യല്‍ അന്വേഷണം തന്നെയാണ്.
ഒരു പ്രശ്നം ഉണ്ടാകുമ്പോള്‍ പ്രതിപക്ഷത്തിന് ആവശ്യപ്പെടാനും ഭരണപക്ഷത്തിന് പ്രശ്നത്തെ തണുപ്പിച്ച് നീട്ടിക്കൊണ്ടു പോകാനുമുള്ള ഉപാധിയായിട്ടുമാണ് ജുഡീഷ്യല്‍ അന്വേഷണത്തെ കാണുന്നത്. ജോസഫുമായി ബന്ധപ്പെട്ട വിമാനവിവാദം അന്വേഷിക്കാന്‍ ജഡ്ജിയെ കിട്ടിയില്ലെന്ന് മാത്രമല്ല ഇതുസംബന്ധിച്ച നടപടിക്രമങ്ങളും എങ്ങുമെത്തിയിട്ടില്ല.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ എട്ടിനാണ് വിമാനവിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് മന്ത്രിസഭായോഗം തീരുമാനിച്ചത്. സെപ്റ്റംബറില്‍ തന്നെ സിറ്റിംഗ് ജഡ്ജിയുടെ സേവനം വിട്ടുതരാന്‍ സര്‍ക്കാര്‍ ഹൈക്കോടതി രജിസ്ട്രാറോട് ആവശ്യപ്പെട്ടിരുന്നു. സിറ്റിംഗ് ജഡ്ജിയെ വിട്ടുതരാനാവില്ലെന്ന് ഹൈക്കോടതി സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു.
തുടര്‍ന്ന് റിട്ടയേര്‍ഡ് ജഡ്ജിയുടെ സേവനം ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പ്രഖ്യാപിച്ചു. എന്നാല്‍ പ്രഖ്യാപനം അല്ലാതെ ഒന്നും നടന്നില്ല. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട പി.ജെ.ജോസഫ് പോലും പിന്നീട് ഇക്കാര്യം പറഞ്ഞില്ല.
ഇത്തരം അന്വേഷണ റിപ്പോര്‍ട്ടുകള്‍ സ്ഥിരമായി നടപ്പാക്കാതെ പോവുകയാണെന്നും ജുഡീഷ്യല്‍ കമ്മിഷനുകളെ നോക്കുകുത്തികളാക്കുകയാണ് സര്‍ക്കാരെന്നും ഹൈക്കോടതി തന്നെ നേരത്തെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.