പലതരം ഇടപാടുകള്‍ക്കുമായും മുഖ്യമന്ത്രി ബന്ധപ്പെടുന്നുവെന്ന് സ്ഥിരീകരിക്കപ്പെട്ട ഈ കംപ്ലെയ്ന്‍റ് കുമാര്‍ ആരെന്ന് അച്യുതാനന്ദന്‍ വെളിപ്പെടുത്തണമെന്ന് കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല. യുഡിഎഫിലെ ചില പ്രമുഖ നേതാക്കളെ അഴിമതിക്കേസുകളിലും പീഡനക്കേസുകളിലും ഉള്‍പ്പെടുത്തി നാറ്റിക്കുന്ന മുഖ്യമന്ത്രിയെ കടന്നാക്രമിക്കണം എന്ന് തിങ്കളാഴ്ച യുഡിഎഫ് നേതൃയോഗത്തില്‍ ധാരണയായിരുന്നു. ഈ യോഗം കഴിഞ്ഞതിന് ശേഷം പുറത്തുവന്നപ്പോഴാണ് മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല ‘കംപ്ലെയ്ന്‍റ് കുമാര്‍’ ബോംബിട്ടത്.
“രണ്ട് ദിവസമായി എല്ലായിടത്തും മുഴങ്ങിക്കേള്‍ക്കുന്ന പേരാണ് കംപ്ലെയ്ന്‍റ് കുമാര്‍. ഈ കംപ്ലെയ്ന്‍റ് കുമാര്‍ ജഡ്ജിമാരെ വരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന അഡ്വക്കേറ്റ് രാംകുമാറിന്‍റെ ആക്ഷേപം ചെറിയകാര്യമല്ല. മുഖ്യമന്ത്രിയുടെ ഓഫിസിനെപ്പറ്റി രാംകുമാര്‍ ആധികാരികമായാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്. എല്ലാ കാര്യങ്ങളും അന്വേഷിക്കണം. സത്യം ഒരിക്കലും ഒളിഞ്ഞിരിക്കില്ല. എല്ലാം പുറത്തുവരും.”
“പലതരം ഇടപാടുകള്‍ക്കുമായും മുഖ്യമന്ത്രി ബന്ധപ്പെടുന്നുവെന്ന് സ്ഥിരീകരിക്കപ്പെട്ട ഈ കമ്പ്ലെയിന്റ് കുമാര്‍ ആരാണെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി വ്യക്തമാക്കണം. കംപ്ലെയ്ന്‍റ് കുമാര്‍ എന്ന ഇടനിലക്കാരനുമായി മുഖ്യമന്ത്രിയുടെ ഓഫിസിനു ബന്ധമുണ്ടെന്ന് അറിവായിട്ടുണ്ട്. പക്ഷേ, എന്തുതരത്തിലുള്ള ബന്ധം, ആരാണിയാള്‍?”
ചെന്നിത്തലയ്ക്ക് പുറമെ മറ്റ് യുഡിഎഫ് നേതാക്കളും മുഖ്യമന്ത്രിയെ കടന്നാക്രമിക്കുകയുണ്ടായി. തൊണ്ണൂറുകളില്‍ സൈക്കിള്‍ മാത്രം ഓടിച്ചുനടന്നിരുന്ന മുഖ്യമന്ത്രിയുടെ മകന്‍ വിഎ അരുണ്‍കുമാര്‍ ഇപ്പോള്‍ ഏതൊക്കെ കാറിലാണ് സഞ്ചരിക്കുന്നതെന്ന് അന്വേഷിക്കണമെന്ന് അബ്ദുള്ളക്കുട്ടി പറയുകയുണ്ടായി. യുഡിഎഫ് നേതാക്കളില്‍ പലരുടെയും പ്രതിച്ഛായ തകര്‍ക്കാന്‍ ഭരണപക്ഷത്തിന് കഴിഞ്ഞിട്ടുള്ള സാഹചര്യത്തില്‍ സര്‍വശക്തിയും സംഭരിച്ച് മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിക്കാനാണ് യുഡിഎഫ് തീരുമാനം എന്നറിയുന്നു.
‘ഇടപാടുകള്‍’ ഉറപ്പിക്കുന്നതിന് രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ക്കും വ്യവസായികള്‍ക്കും ഇടയില്‍ പ്രവര്‍ത്തിച്ചതിന് സിബിഐ ചോദ്യംചെയ്തുവരുന്ന നീരാ റാഡിയയെ പോലൊരു കോര്‍പ്പറേറ്റ് ദല്ലാള്‍ സാക്ഷാല്‍ അച്യുതാനന്ദനും ഉണ്ടെന്ന് വെളിപ്പെടുത്തല്‍ ഇക്കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഏറെ വിവാദം സൃഷ്‌ടിച്ചേക്കാവുന്ന ഈ ‘സ്കൂപ്പ്’ പുറത്ത് കൊണ്ടുവന്നത് ‘ജയ്‌ഹിന്ദ്’ ചാനലായിരുന്നു.
ഇടമലയാര്‍ കേസും ലാവ്‌ലിന്‍ കേസും തനിക്ക് അനുകൂലമായ നിലയില്‍ മുന്നോട്ടുപോകാന്‍ അച്യുതാനന്ദനെ സഹായിച്ചത് ഈ കോര്‍പ്പറേറ്റ് ദല്ലാള്‍ ആണെന്നാണ് ജയ്‌ഹിന്ദ് പറയുന്നത്. ഇടമലയാര്‍ കേസുള്‍പ്പെടെ വിവാദമായ പല കേസുകളിലും അച്യുതാനന്ദനെ സഹായിക്കാന്‍ ഇന്ദ്രപ്രസ്ഥത്തില്‍ ദല്ലാളുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അടുത്തിടെ അഭിഭാഷകന്‍ കെ രാംകുമാര്‍ വെളിപ്പെടുത്തിയിരുന്നു. അതിനോട് അനുബന്ധിച്ചാണ് ജയ്‌ഹിന്ദ് ചാനലിന്റെ വെളിപ്പെടുത്തല്‍ പുറത്ത് വന്നിരിക്കുന്നത്.