കമ്യൂണിസ്റ്റ് നേതാക്കളും അണികളും പാലിക്കേണ്ട കാര്യങ്ങളെ പറ്റി നിര്‍ദേശിക്കുന്ന തെറ്റുതിരുത്തല്‍ നയരേഖ കാറ്റില്‍ പറത്തിയാണ് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മകന് വിഎ അരുണ്‍കുമാര്‍ ജീവിക്കുന്നതെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നു. ആലപ്പുഴ ജില്ലയിലെ പുന്നപ്ര ബ്രാഞ്ച് കമ്മിറ്റി അംഗം കൂടിയായ അരുണ്‍കുമാര്‍, പാര്‍ട്ടി ചര്‍ച്ച ചെയ്തു നടപ്പിലാക്കിയ നയരേഖ ലംഘിക്കുന്നത് വച്ച് പൊറുപ്പിക്കാന്‍ ആകില്ലെന്നാണ് ആലപ്പുഴയില്‍ നിന്ന് തന്നെയുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്.
പാര്‍ട്ടി നേതാക്കളും അണികളും ആഡംബര ജീവിതം നയിക്കരുതെന്നും ലളിതമായ ജീവിതം നയിച്ച് എല്ലാവര്ക്കും മാതൃകയാവണം എന്നുമാണ് നയരേഖയിലെ ഒരു സുപ്രധാന നിര്‍ദേശം. ആഡംബര സ്വഭാവമുള്ള സംഘടനകള്‍, ക്ലബുകള്‍ എന്നിവയുടെ പരിസരത്ത് കൂടി പോകരുത് എന്നൊക്കെ നയരേഖയില്‍ ഉണ്ടെങ്കിലും വന്‍ തോക്കുകളും സിനിമാക്കാരും ഉന്നത ഉദ്യോഗസ്ഥരുമൊക്കെ അംഗങ്ങളായ ഗോള്‍ഫ് ക്ലബില്‍ അംഗമാണ് അരുണ്‍കുമാര്‍.
സ്റ്റാര്‍ ക്ലബുകളില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന് ജനങ്ങള്‍ക്ക് കൃത്യമായി അറിയാമെന്നും സമൂഹത്തിലെ മേല്‍ത്തട്ടുകാര്‍ അംഗങ്ങളായ ഗോള്‍ഫ് ക്ലബില്‍ മുഖ്യമന്ത്രിയുടെ മകന് അംഗത്വമെടുത്തതോടെ പാര്‍ട്ടിയുടെ പ്രതിച്ഛായ ഒന്നുകൂടി മങ്ങിയെന്നും വിഎസ് വിരുദ്ധപക്ഷം ആരോപിക്കുന്നു. മാത്രമല്ല, അരുണ്‍കുമാര്‍ ഇടക്കിടെ നടത്തുന്ന വിദേശയാത്രകള്‍ക്ക് എതിരെയും മുറുമുറുപ്പ് ഉയരുന്നുണ്ട്.
പാര്‍ട്ടി അംഗങ്ങള്‍ വിദേശയാത്രകള്‍ പോകുന്നതിനു മുന്‍പു ബന്ധപ്പെട്ട കമ്മിറ്റികളില്‍ അറിയിക്കണമെന്നും അനുമതി വാങ്ങണമെന്നുമാണ് പാര്‍ട്ടി നയം. എന്നാല്‍ അരുണ്‍കുമാറിന് ഇതൊന്നും ബാധകമായിരുന്നില്ല. ഒരൊറ്റ വിദേശയാത്രയെ പറ്റിയും അരുണ്‍കുമാര്‍ പാര്‍ട്ടിയെ അറിയിച്ചിട്ടില്ലെത്രെ. പാര്‍ട്ടി ബ്രാഞ്ച് കമ്മറ്റിയില്‍ സജീവമായി പങ്കെടുക്കാത്ത, പ്രചരണ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന, പാര്‍ട്ടി നയരേഖ ലംഘിച്ച് ആഡംബര ജീവിതം നയിക്കുന്ന അരുണ്‍കുമാറിനെ പാര്‍ട്ടിയില്‍ പുറത്താക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
തെരഞ്ഞെടുപ്പു കമ്മിഷനെ തെറ്റിദ്ധരിപ്പിച്ചാണ് വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡിയിലെ അഡീഷണല്‍ ഡയറക്റ്ററായി നിയമിച്ചത് എന്നൊരു ആരോപണം മുമ്പുതന്നെ വിഎസ് വിരുദ്ധര്‍ ഉയര്‍ത്തിയിരുന്നു. വിഎസ് വിരുദ്ധ പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഒരു പുതിയ ദിനപ്പത്രത്തില്‍ അരുണ്‍കുമാറിന്റെ ആഡംബര ജീവിതം സംബന്ധിച്ച് വിശദമായ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.