വിവാദചോദ്യം: അദ്ധ്യാപകനെ റിമാന്‍ഡ് ചെയ്തു

തൊടുപുഴ| WEBDUNIA| Last Modified വെള്ളി, 2 ഏപ്രില്‍ 2010 (14:44 IST)
PRO
ന്യൂമാന്‍ കോളേജിലെ ബി.കോം ഇന്‍റേണല്‍ പരീക്ഷയ്ക്ക് മതവികാരം വ്രണപ്പെടുത്തുന്ന ചോദ്യം ഉള്‍പ്പെടുത്തി വിവാദത്തിലാ‍യ അദ്ധ്യാപകന്‍ ടിജെ ജോസഫിനെ പതിന്നാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കട്ടപ്പന മജിസ്ട്രേറ്റാണ് റിമാന്‍ഡ് ചെയ്തത്. ഇന്നലെ അറസ്റ്റ് ചെയ്ത ജോസഫിനെ ഇന്ന് ഉച്ചയോടെയാണ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്.

കോടതി അവധി ദിവസമായതിനാല്‍ കട്ടപ്പന മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് ജോസഫിനെ ഹാജരാക്കിയത്. ജോസഫിനെ മൂവാറ്റുപുഴ സബ്ജയിലിലേക്ക് മാറ്റാനും മജിസ്ട്രേറ്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജോസഫ് തയ്യാറാ‍ക്കിയ ബി കോം മലയാളം പരീക്ഷയുടെ ചോദ്യപ്പേപ്പറാണ് വിവാദത്തിലും പിന്നീട് പ്രതിഷേധത്തിലും മുങ്ങിയത്. കോളേജിലെ മലയാള വിഭാഗം തലവനാണ് ഇദ്ദേഹം.

സംഭവത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന ഇയാളെ ഇന്നലെ കട്ടപ്പനയില്‍ നിന്ന് ടാക്സിയില്‍ തൊടുപുഴ സ്റ്റേഷനില്‍ കീഴടങ്ങാന്‍ വരുമ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തൊടുപുഴ സ്റ്റേഷനില്‍ ജോസഫിനെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു. പുസ്തകത്തിലെ ഒരു വാക്ക് തമാശയ്ക്ക് മാറ്റിയെഴുതിയതാണെന്നും മതവികാരം വ്രണപ്പെടുത്താ‍ന്‍ ഉദ്ദേശിച്ചായിരുന്നില്ല ഈ പ്രവര്‍ത്തിയെന്നും ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി. ചോദ്യപ്പേപ്പര്‍ തയ്യാറാക്കാന്‍ മറ്റാരും സഹായിച്ചിട്ടില്ലെന്നും ഇയാള്‍ പറഞ്ഞിട്ടുണ്ട്.

ദൈവവും പടച്ചോനും തമ്മിലുള്ള സംഭാഷണശകലത്തില്‍ ഉചിതമായ ചിഹ്നം ചേര്‍ക്കാനുള്ള വ്യാകരണ വിഭാഗം ചോദ്യമാണ് വിവാദമായത്. സംഭവത്തെ തുടര്‍ന്ന് തൊടുപുഴയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇയാളെ കോളേജ് മാനേജ്മെന്‍റ് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. മതവികാരം വ്രണപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ജോസഫിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയതിനാല്‍ ഇയാള്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :