ആദ്യ മദര്‍ ഷിപ്പിന് ഗംഭീര വരവേല്‍പ്പ്; വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ സ്വപ്‌ന സാക്ഷാത്കാരമെന്ന് പിണറായി

മൂവായിരം കണ്ടെയ്നറുകളുമായി പടുകൂറ്റന്‍ കപ്പല്‍ സാന്‍ ഫെര്‍ണാണ്ടോ ഇന്നലെയാണ് വിഴിഞ്ഞത്ത് എത്തിയത്

രേണുക വേണു| Last Updated: വെള്ളി, 12 ജൂലൈ 2024 (11:56 IST)
വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യ ചരക്കുകപ്പല്‍ സാന്‍ ഫെര്‍ണാണ്ടോയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഗംഭീര വരവേല്‍പ്പ്. മുഖ്യമന്ത്രിയാണ് കപ്പലിനെ വിഴിഞ്ഞം തുറമുഖത്തേക്ക് ഔദ്യോഗികമായി സ്വീകരിച്ചത്. കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. സംസ്ഥാന തുറമുഖ വകുപ്പ് വി.എന്‍.വാസവന്‍ അധ്യക്ഷത വഹിച്ചു.

കേരളത്തിനു ഇത് സ്വപ്‌ന സാക്ഷാത്കാരമാണെന്ന് വിഴിഞ്ഞം പദ്ധതിയുടെ ട്രയല്‍ റണ്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകാതിരിക്കാന്‍ അന്താരാഷ്ട്ര ലോബികള്‍ രംഗത്തുവന്നു. വിഴിഞ്ഞം ആ രീതിയില്‍ ഉയരുന്നത് പല വാണിജ്യ ലോബികള്‍ക്കും ഇഷ്ടമായിരുന്നില്ല. തുറമുഖത്തിനെതിരായ എതിര്‍പ്പുകളെയെല്ലാം അതിജീവിച്ച് ഈ പദ്ധതി മുന്നോട്ടു കൊണ്ടുപോകാനും യാഥാര്‍ഥ്യമാക്കാനും സാധിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയ്ക്കു മാത്രമല്ല സമീപരാജ്യങ്ങള്‍ക്കു കൂടി സഹായകമായ പദ്ധതിയാണ് വിഴിഞ്ഞം തുറമുഖമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


മൂവായിരം കണ്ടെയ്‌നറുകളുമായി പടുകൂറ്റന്‍ കപ്പല്‍ സാന്‍ ഫെര്‍ണാണ്ടോ ഇന്നലെയാണ് വിഴിഞ്ഞത്ത് എത്തിയത്. ചൈനയില്‍ നിന്നുള്ള ചരക്കുകപ്പല്‍ ആണിത്. സാന്‍ ഫെര്‍ണാണ്ടോയിലെ 3000 കണ്ടെയ്‌നറികളില്‍ 1500 കണ്ടെയ്‌നറുകള്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഇറക്കും.

അത്യാധുനിക ഉപകരണങ്ങളും ഓട്ടോമേഷന്‍,ഐടി സംവിധാനങ്ങളുമുള്ള ഇന്ത്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തില്‍ കമ്മീഷന്‍ ചെയ്യാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സംസ്ഥാനസര്‍ക്കാര്‍ പൊതു സ്വകാര്യപങ്കാളിത്ത (പിപിപി) മോഡില്‍ നടപ്പാക്കുന്ന സാമ്പത്തിക അടിസ്ഥാന സൗകര്യപദ്ധതിയായ വിഴിഞ്ഞം കേരളത്തിലെ എക്കാലത്തെയും വലിയ സ്വകാര്യമേഖല നിക്ഷേപമാണ്. വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്താണ് വിഴിഞ്ഞം പദ്ധതിക്ക് തുടക്കം കുറിച്ചത്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :