വിളയാടിയ മന്ത്രിപുത്രനെ അറസ്റ്റുചെയ്യണം

തിരുവനന്തപുരം| WEBDUNIA|
PRO
നിയമ വിദ്യാര്‍ഥിനിയെ നടുറോഡില്‍ തടഞ്ഞുനിര്‍ത്തി അപമാനിച്ച കേസില്‍ മന്ത്രിപുത്രന്റെ പേരില്‍ കേസെടുക്കണമെന്നും അറസ്റ്റുചെയ്യണമെന്നും ആവശ്യപ്പെട്ട് തൃശൃര്‍ വിജിലന്‍സ്‌ കോടതിയില്‍ ഹര്‍ജി. വൈദ്യുതി മന്ത്രി എ കെ ബാലന്റ പുത്രന്‍ നിഖില്‍, വനിതാ കമ്മീഷന്‍ അധ്യക്ഷ ഡി ശ്രീദേവി, മ്യൂസിയം എസ്‌ഐ സുരേഷ്‌ ബാബു എന്നിവര്‍ക്കെതിരെ കേസെടുത്ത്‌ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.

തിരുവനന്തപുരം ലോ കോളജില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിനിയുടെ കരണത്ത്, ഏഴ് മാസം മുമ്പ് നിഖില്‍ അടിച്ചതാണ് വിവാദങ്ങള്‍ക്ക് വഴി വച്ചത്. അടിച്ചത് ‘വി‌ഐപി’ ആയതിനാല്‍ കൊളേജ് അധികൃതര്‍ സംഭം ഒത്തുതീര്‍പ്പാക്കി എന്നും ആരോപണമുണ്ട്. എന്തായാലും, തുടര്‍ന്നും മന്ത്രിപുത്രനും ചില കൂട്ടുകാരും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തികൊണ്ടിരുന്നുവെത്രെ. അവസാനം, ഇക്കഴിഞ്ഞ ജനുവരി 24-ന് മൂന്നു വിദ്യാര്‍ഥികള്‍ ഈ കുട്ടിയെ റോഡില്‍ തടഞ്ഞുനിര്‍ത്തി അപമാനിക്കുകയും ചെയ്തുവെത്രെ.

അടുത്ത ദിവസം തന്നെ പെണ്‍കുട്ടി സിറ്റി പോലീസ്‌ കമ്മീഷണറുടെ ഓഫീസില്‍ നേരിട്ടെത്തി പരാതി നല്‍കി. അവസാനം മാധ്യമങ്ങള്‍ ഈ സംഭവം ഏറ്റുപിടിച്ചപ്പോഴാണ് കമ്മീഷണര്‍ ഓഫീസിന് ജീവന്‍ വച്ചത്. അപ്പോഴേക്കും 24 ദിവസം കഴിഞ്ഞിരുന്നു. കേസെടുത്തിട്ടു പോലും മൊഴിയെടുക്കാന്‍ പോലീസ്‌ തയ്യാറായില്ല. പിന്നീട്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി ഇടപെട്ടശേഷമാണ്‌ മൊഴിയെടുക്കുന്നത്‌.

തലസ്ഥാനത്ത് നടന്ന ഈ അതിക്രമം കണ്ടില്ലെന്ന് നടിച്ചവര്‍ക്കും ആരോപണവിധേയനായ മന്ത്രിപുത്രനെയും വെറുതെ വിടാന്‍ പാടില്ലെന്നാണ് ഹര്‍ജി നല്‍‌കിയ, സാമുഹ്യപ്രവര്‍ത്തകനായ പി ഡി ജോസഫ് പറയുന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുക്കുകയല്ലാതെ മറ്റൊന്നും ചെയ്യാതെ വനിതാ കമ്മീഷനും പോലിസും ഒത്തു കളിച്ച്‌ മന്ത്രി പുത്രനെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. കേസ്‌ ഫയലില്‍ സ്വീകരിച്ച കോടതി മാര്‍ച്ച്‌ 9-ന്‌ പരിഗണിക്കാനായി മാറ്റി വച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :