വിഭാഗീയത: മലപ്പുറത്ത് ലീഗ് പ്രവര്‍ത്തകര്‍ സിപി‌എമ്മിലേക്ക്

മലപ്പുറം| WEBDUNIA|
PRO
PRO
വിഭാഗീയതയെ തുടര്‍ന്ന് മലപ്പുറത്ത് ലീഗ് പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക്. ജില്ലയിലെ പ്രാദേശിക പ്രശ്‌നങ്ങളാണ് ലീഗിന്റെ ഉറച്ച കോട്ടകളില്‍ ഒന്നായ പരപ്പനങ്ങാടിയില്‍ ഇരുനൂറോളം വരുന്ന മത്സ്യതൊഴിലാളികളായ ലീഗ് പ്രവര്‍ത്തരെ സിപിഎമ്മില്‍ ചേരാന്‍ പ്രേരിപ്പിച്ചത്. കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക് മാറിയതിന്റെ തുടര്‍ച്ചയായാണ് ലീഗില്‍നിന്നുള്ള കൊഴിഞ്ഞുപോക്ക്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് മലപ്പുറത്ത് പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കാനാകാതെ പ്രതിസന്ധിയിലായിരിക്കുമ്പോഴാണ് മുസ്ലിം ലീഗിന് തലവേദന സൃഷ്ടിച്ച് ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക് പോകുന്നത്. ലീഗിന്റെ ഉരുക്കുകോട്ടകളില്‍ ഒന്നായ പരപ്പനങ്ങാടിയില്‍ പാര്‍ട്ടിയില്‍ വിള്ളല്‍ വീഴ്ത്തിക്കൊണ്ടാണ് പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക് ചേക്കേറുന്നത്.

പരപ്പനങ്ങാടി ചാപപ്പടിയിലെ മത്സ്യത്തൊഴിലാളികളായ 200ലേറെ ലീഗ് പ്രവര്‍ത്തകരാണ് സിപിഐഎമ്മിലേക്ക് കൂടുമാറുന്നത്. ലീഗിലെ അസ്വാരസ്യങ്ങള്‍ മൂലം 30 കുടുംബങ്ങളില്‍ പെട്ട 200ഓളം പേര്‍ പാര്‍ട്ടിയിലേക്ക് ചേരുന്നതായിപരപ്പനങ്ങാടി സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സ്ഥിരീകരിച്ചു. കേരള രക്ഷാ യാത്രയ്ക്ക് ശേഷം പരപ്പനങ്ങാടിയില്‍ ഇവര്‍ക്ക് വിപുലമായ സ്വീകരണയോഗങ്ങള്‍ ഒരുക്കും.

ഹാര്‍ബര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് പരപ്പനങ്ങാടിയിലെ ലീഗില്‍ വിഭാഗീയതയ്ക്ക് തുടക്കമിട്ടത്. പ്രദേശത്ത് നിരന്തരം സംഘര്‍ഷമുണ്ടാകുകയും ലീഗ് മന്ത്രിയുടെ വീട് ഉപരോധിക്കുന്നത് വരെയുള്ള പ്രതിഷേധങ്ങളിലേക്കും പ്രശ്‌നം നീണ്ടു. സംസ്ഥാന നേതാക്കള്‍ ഉള്‍പെടെയുള്ളവര്‍ പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും ഒരു വിഭാഗം സിപിഎമ്മില്‍ അഭയം തേടുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :