വിദ്യാര്‍ത്ഥിനിക്ക് അപമാനം: പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം| WEBDUNIA| Last Modified വെള്ളി, 18 ഫെബ്രുവരി 2011 (10:34 IST)
അടിയന്തിരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. തിരുവനന്തപുരം ലോ കോളജിലെ വിദ്യാര്‍ത്ഥിനിയെ അപമാനിച്ച സംഭവത്തില്‍ യഥാസമയം കേസെടുത്തില്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്കിയത്.

പി സി വിഷ്ണുനാഥ് എം എല്‍ എയാണ് അടിയന്തിര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയത്. പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചവരില്‍ ഒരാള്‍ മന്ത്രിയുടെ മകനാണ്. ഇക്കാരണത്താലാണ് ആഭ്യന്തരമന്ത്രിയുടെ മൂക്കിനു താഴെ സംഭവം നടന്നിട്ടും പൊലീസ് വീഴ്ച വരുത്തിയതെന്നും നോട്ടീസ് നല്കിയ പി സി വിഷ്ണുനാഥ് ആരോപിച്ചു.

നോട്ടീസിനു മറുപടി പറഞ്ഞ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി സമ്മതിച്ചു. പൊലീസ് ഇങ്ങനെയായിരുന്നില്ല കേസ് കൈകാര്യം ചെയ്യേണ്ടിയിരുന്നതെന്ന് പറഞ്ഞ ആഭ്യന്തരമന്ത്രി പ്രശ്‌നം ഗൗരവമായി കാണുമെന്നും വ്യക്തമാക്കി. വകുപ്പുമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിടുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :