വിദ്യാഭ്യാസം ലീഗിന് തന്നെ?

തിരുവനന്തപുരം| WEBDUNIA|
PRO
PRO
വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കം പാളുന്നു. വിദ്യാഭ്യാസം വിട്ടുകൊടുക്കേണ്ട എന്ന നിലപാടില്‍ മുസ്ലീം ലീഗ് ഉറച്ചു നില്‍ക്കുന്നതിനാലാണിത്. തങ്ങള്‍ മുമ്പ് കൈകാര്യം ചെയ്ത വകുപ്പുകള്‍ വിട്ടുനല്‍കേണ്ട എന്ന തീരുമാനമാണ് ലീഗിനുള്ളത്.

ഇക്കാര്യം ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി മുസ്‌ലിം ലീഗ് നേതാക്കളുമായി ബുധനാഴ്ച രാവിലെ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. വിദ്യാഭ്യാസത്തിന് പകരമായി ആഭ്യന്തരം, റവന്യൂ എന്നീ വകുപ്പുകള്‍ ഒഴികെയുള്ള ഏതെങ്കിലും ഒരെണ്ണം നല്‍കാമെന്ന് കോണ്‍ഗ്രസ് ലീഗ് നേതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍ ലീഗിന് ഇതിനോട് യോജിപ്പില്ല എന്നാണ് റിപ്പോര്‍ട്ട്.

വിദ്യാഭ്യാസം വിട്ടു കിട്ടുകയാണെങ്കില്‍ കെ സി ജോസഫിനെ ആ വകുപ്പിന്റെ ചുമതല ഏല്‍പ്പിക്കാം എന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടിയിരുന്നത്.

അതേസമയം ആഭ്യന്തരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ കൈകാര്യം ചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്. ടി എം ജേക്കബിന് ഭക്ഷ്യവകുപ്പിനൊപ്പം തുറമുഖ വകുപ്പും കൂടി നല്‍കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ തുറമുഖം വിട്ടുകൊടുക്കേണ്ടെന്ന് പിന്നീട് തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :