വി എസ് ഉറച്ചുതന്നെ; നാളെ കൂടംകുളത്തേക്ക്

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ചൊവ്വാഴ്ച കൂടംകുളം സന്ദര്‍ശിക്കും. രാവിലെ 9.30-ന് താന്‍ കൂടംകുളത്തേക്ക് പുറപ്പെടുമെന്ന് വിഎസ് പറഞ്ഞു. സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ കടുത്ത എതിര്‍പ്പ് തള്ളിക്കളഞ്ഞാണ് കൂടംകുളം സന്ദര്‍ശിക്കും എന്ന് വി എസ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കൂടംകുളം തമിഴ്നാടിനെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. അത് ദക്ഷിണേന്ത്യയെ മുഴുവന്‍ ബാധിക്കുന്ന വിഷയമാണെന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ യുവകലാസാഹിതി സംഘടിപ്പിച്ച കൂടംകുളം ഐക്യദാര്‍ഢ്യസമരം ഉദ്ഘാടനം ചെയ്യവെ വി എസ് ചൂണ്ടിക്കാട്ടി.

കൂടംകുളം പദ്ധതി ആപത്കരമാണെന്ന് വി എസ് പലവട്ടം വ്യക്തമാക്കിയിരുന്നു. നേരത്തെ കൂടംകുളം സന്ദര്‍ശിക്കാന്‍ വിഎസ് പദ്ധതിയിട്ടപ്പോള്‍ കേന്ദ്രകമ്മിറ്റി ഇടപ്പെട്ട് അതിന് തടയിടുകയായിരുന്നു. പാര്‍ട്ടി തമിഴ്നാട് ഘടകവും ഇതിനെ ശക്തമായി എതിര്‍ത്തു. ആണവനിലയം അടച്ചിടേണ്ടതില്ല എന്നാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെയും തമിഴ്നാട് ഘടകത്തിന്റെയും നിലപാട്.

ഈയിടെ കൂടംകുളം പദ്ധതിയെ എതിര്‍ത്ത് വി എസ് മാതൃഭൂമി ദിനപത്രത്തില്‍ ലേഖനമെഴുതുകയും ചെയ്തു. ആണവനിലയത്തെ അനുകൂലിച്ച് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പാര്‍ട്ടി പത്രത്തില്‍ എഴുതിയ ലേഖനത്തെക്കുറിച്ച് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ ആരാഞ്ഞപ്പോള്‍ അത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് വി എസ് പ്രതികരിച്ചത്.

വി എസിനെ കൂടംകുളത്തേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് സമരസമിതി നേതാവ് ഉദയകുമാര്‍ വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :