സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പ്രതിച്ഛായ വീണ്ടെടുക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടത്തുന്നത്. കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരുമെന്ന് ഏതാണ്ടുറപ്പായി. പകരം കെ പി സി സി അധ്യക്ഷസ്ഥാനം വി എം സുധീരന് നല്‍കാനും പദ്ധതിയുണ്ടെന്നാണ് സൂചന.
ചെന്നിത്തലയ്ക്ക് ആഭ്യന്തരമന്ത്രിസ്ഥാനം തന്നെ നല്‍കുമെന്നാണ് അറിയുന്നത്. മന്ത്രിയാകാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്ന് ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ മന്ത്രിയാകണമെന്ന് രമേശിനോട് സോണിയാ ഗാന്ധി നേരിട്ട് ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
രമേശ് ചെന്നിത്തല മന്ത്രിസഭയിലെത്തിയാല്‍ കെ പി സി സി അധ്യക്ഷസ്ഥാനത്തേക്ക് ജി കാര്‍ത്തികേയനെ കൊണ്ടുവരണമെന്ന രീതിയിലാണ് മുമ്പ് ചര്‍ച്ചകള്‍ നീങ്ങിയിരുന്നത്. എന്നാല്‍ വി എം സുധീരനെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാനാണ് ഹൈക്കമാന്‍ഡിന് കൂടുതല്‍ താല്‍പ്പര്യം എന്നറിയുന്നു.
കഴിഞ്ഞ ദിവസം സുധീരനുമായി ഹൈക്കമാന്‍ഡ് പ്രതിനിധി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് ഹൈക്കമാന്‍ഡിന്റെ മനസ് അറിയിക്കാനായിരുന്നു എന്നാണ് സൂചന.
ചെന്നിത്തലയെ മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുമെന്നാണ് ഹൈക്കമാന്‍ഡ് കരുതുന്നത്. സുധീരനെപ്പോലെ മികച്ച ഇമേജുള്ള ഒരാളെ പാര്‍ട്ടി അധ്യക്ഷനാക്കുന്നതും സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.