കൊല്ലപ്പെട്ട ലിജിനും കസ്റ്റഡിയിലുള്ള അജിയുടെ മകന് അരുണും അടുത്ത സുഹൃത്തുക്കളാണ്. പത്താം ക്ലാസിലെ ആദ്യദിനമായ തിങ്കളാഴ്ച അരുണിന്റെ വീട്ടില്‍ ലിജിന്‍ എത്തിയിരുന്നു. ലിജിന്‍ ഉച്ചഭക്ഷണം കഴിച്ചതും അരുണിന്റെ വീട്ടില്‍ നിന്നാണ്. എന്നാല്‍ ലിജിന്‍ വീട്ടിലെത്തിയ കാര്യം അരുണോ അരുണിന്റെ അച്ഛനായ അജിയോ നാട്ടുകാരോട് പറഞ്ഞിരുന്നില്ല.
അജിയുടെയും അരുണിന്റെയും വീട്ടില്‍ ലിജിന്‍ എത്തിയ വിവരം നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അരുണിനെ കാണാനെത്തിയ പൊലീസിനൊട് അജി പറഞ്ഞത് അരുണ്‍ എവിടെയാണെന്ന് അറിയില്ല എന്നാണ്. ചോദ്യം ചെയ്യല്‍ തുടര്‍ന്നപ്പോള്‍ അജിയുടെ സ്വന്തം വീട് സ്ഥിതി ചെയ്യുന്ന കാഞ്ഞങ്ങാട്ടേയ്ക്ക് പോയെന്ന് പിന്നീട് അജി വെളിപ്പെടുത്തി. അജിയുടെ മൊഴിയില്‍ പൊരുത്തക്കേട് തോന്നിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
താന്‍ ലിജിനെ കൊന്നിട്ടില്ല എന്ന വാദത്തില്‍ അജി ഉറച്ച് നില്‍ക്കുകയാണ്. എന്നാല്‍, ലിജിന്‍ എങ്ങനെ കൊല്ലപ്പെട്ടു എന്നതിനെ പറ്റി അജിക്ക് വ്യക്തമായ ധാരണ ഉണ്ടെന്ന് പൊലീസ് കരുതുന്നു. നാട്ടുകാരും ലിജിന്റെ ബന്ധുക്കളും അടങ്ങിയ സംഘം രാത്രി 11.15-ഓടെ സ്കൂളില്‍ നടത്തിയ തിരച്ചിലിലാണ് സ്കൂളിന്റെ തെക്കേയറ്റത്തെ ഇടനാഴിയില്‍ കഴുത്തില്‍ മാരകമായ മുറിവേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തല വേര്‍പെട്ടിട്ടില്ല. കണ്ണുകള്‍ രണ്ടും പുറത്തേക്ക് തള്ളിയ നിലയിലാണ്. സ്കൂള്‍ ബാഗ് തോളില്‍ ഇട്ട നിലയിലായിരുന്നു മൃതദേഹം.