ലാവ്‌ലിന്‍: കാര്‍ത്തികേയനെ വീണ്ടും ചോദ്യം ചെയ്‌തു

ചെന്നൈ| WEBDUNIA|
PRO
PRO
വിവാദമായ എസ് എന്‍ സി ലാവ്‌ലിന്‍ കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് മുന്‍ വൈദ്യുതമന്ത്രി ജി കാര്‍ത്തികേയനെ വീണ്ടും ചോദ്യം ചെയ്‌തു. ചെന്നൈയിലുള്ള സി ബി ഐ ഓഫീസില്‍ വിളിച്ചു വരുത്തിയാണ് കാര്‍ത്തികേയനെ മൂന്നാം തവണ ചോദ്യം ചെയ്‌തത്.

ചോദ്യം ചെയ്യല്‍ നാല് മണിക്കൂര്‍ നീണ്ടു. കോഴിക്കോട് വെച്ച് ഈ മാസം 11ന് നടത്തിയ ചോദ്യം ചെയ്യലില്‍ തൃപ്തരല്ലാത്തതിനെ തുടര്‍ന്നാണ് സി ബി ഐ ഇന്ന് വീണ്ടും കാര്‍ത്തികേയനെ ചോദ്യം ചെയ്തത്. അന്വേഷണവുമായി സഹകരിക്കുമെന്നാണ് തന്‍റെ നിലപാടെന്ന് കാര്‍ത്തികേയന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സി ബി ഐ കാണണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് താന്‍ ചെന്നൈയില്‍ എത്തിയത്. മൂന്നു മണിക്കൂറോളം സി ബി ഐ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. നേരത്തെ കോഴിക്കോട് വെച്ച് ചോദ്യം ചെയ്‌തിരുന്നു.

ഇപ്പോള്‍ ചെന്നൈയില്‍ വെച്ച് ചോദ്യം ചെയ്‌തു. ഇതില്‍ അസ്വാഭാവികതയൊന്നുമില്ല. ഏതന്വേഷണവുമായി സഹകരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. എന്‍റെ നിരപരാധിത്വം ബോധ്യപ്പെട്ടിട്ടുണ്ട്. അത് അന്വേഷണ ഏജന്‍സികള്‍ക്കു മുന്നില്‍ വിശദീകരിക്കാന്‍ വന്നതാണെന്നും കാര്‍ത്തികേയന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കുറ്റപത്രത്തില്‍ പേരുണ്ടായിട്ടും പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ സി ബി ഐ പ്രത്യേക കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഈ മാസം 11ാം തീയതി കാര്‍ത്തികേയനെ സിബിഐ ചോദ്യം ചെയ്‌തിരുന്നു. കോഴിക്കോട് വെച്ച് അതീവ രഹസ്യമായിട്ടായിരുന്നു ചോദ്യം ചെയ്യല്‍. നാല് മണിക്കൂര്‍ നേരത്തോളം അശോക് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം കാര്‍ത്തികേയനെ ചോദ്യം ചെയ്‌തിരുന്നു.

ലാവ്‌ലിന്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഗൂഡലോചനയുടെ സ്ഥാപകന്‍ എന്നാണ് കാര്‍ത്തികേയനെ വിശേഷിപ്പിച്ചിരുന്നത്. കുറ്റപത്രത്തില്‍ ഇങ്ങനെയൊരു വിശേഷണം കാര്‍ത്തികേയന് ഉണ്ടായിട്ടും പ്രതിപട്ടികയില്‍ അദ്ദേഹത്തെ സിബിഐ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനെതിരെ സിബിഐ പ്രത്യേക കോടതി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :