ലാവ്‌ലിന്‍: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

കൊച്ചി| WEBDUNIA| Last Modified ബുധന്‍, 10 നവം‌ബര്‍ 2010 (10:58 IST)
വിവാദമായ എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ സി ബി ഐയുടെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. കേസ് നിര്‍ണായകഘട്ടത്തില്‍ എത്തിയിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിരിക്കുന്നത്. ഡി വൈ എസ് പി അശോക് കുമാറിനെയാണ് നിര്‍ണായകഘട്ടത്തില്‍ സ്ഥലം മാറ്റിയിരിക്കുന്നത്.

രണ്ടാഴ്ച മുമ്പ് ഇദ്ദേഹത്തെ ചെന്നൈയിലെ സ്പെഷ്യല്‍ യൂണിറ്റ് ഡി വൈ എസ് പിയായി നിയമിക്കുകയായിരുന്നു. അതേസമയം, ലാവ്‌ലിന്‍ കേസില്‍ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ഡി വൈ എസ് പി ഹരികുമാര്‍ ആണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍.

സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ലാവലിന്‍ കമ്പനിയും നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണു ഇപ്പോള്‍ പ്രധാനമായും അന്വേഷണം നടത്തുന്നത്. മുന്‍ വൈദ്യുതമന്ത്രി ജി കാര്‍ത്തികേയന്‍റെയും മുന്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ആര്‍ ഗോപാലകൃഷ്ണന്‍റെയും പങ്കിനെക്കുറിച്ചും സിബിഐ വിശദമായി അന്വേഷിച്ചു വരികയായിരുന്നു. ഈ സമയത്താണു മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിക്കൊണ്ട് നടപടിയുണ്ടായിരിക്കുന്നത്.

അതേസമയം, ലാവ്‌ലിന്‍ കേസ് ഇന്ന് സി ബി ഐ പ്രത്യേക കോടതി പരിഗണിച്ചേക്കും. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി ലാവ്‌ലിന്‍ കമ്പനിക്ക് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ സമന്‍സ് കഴിഞ്ഞദിവസം മടങ്ങിയിരുന്നു. ഈ സാ‍ഹചര്യത്തിലാണ് ഇന്ന് കേസ് പരിഗണിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :