വിവാദ വ്യവസായി കെ എ റൌഫ് ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ വീട്ടില്‍ എത്തി ചര്‍ച്ച നടത്തി. മുക്കാല്‍ മണിക്കൂറോളം ഇരുവരും ചര്‍ച്ച നടത്തി. എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. ഒരു മാസം മുന്‍പും ഇരുവരും നേരിട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ഐസ്ക്രീം കേസില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരേ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ കെ എ റൌഫ് സംസ്ഥാന സര്‍ക്കാരിന് തന്നെ അനഭിമതനാണ്. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹം ജോര്‍ജുമായി കൂടിക്കാഴ്ച നടത്തിയത്.
മാത്രമല്ല കെ ബി ഗണേഷ് കുമാര്‍ പ്രശ്നം ഇത്രയും വഷളാക്കാന്‍ പ്രധാന പങ്ക് വഹിച്ച ആളാണ് പി സി ജോര്‍ജ്. അതിനാല്‍ യു ഡി എഫില്‍ ജോര്‍ജിനെതിരെയുള്ള വികാരം ശക്തമാണ്. ഈ സാഹചര്യത്തില്‍ റൌഫുമായി ചേര്‍ന്ന് ജോര്‍ജ് പുതിയ എന്തെങ്കിലും അട്ടിമറി നീക്കത്തിന് ശ്രമം നടത്താന്‍ സാധ്യത ഇല്ലാതില്ല.