ഇന്നും നാളെയും റേഷന്‍ കടകള്‍ തുറക്കില്ല; സമരം തുടങ്ങി

സമരത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ റേഷന്‍ വ്യാപാരികള്‍ രാപകല്‍ പ്രതിഷേധം സംഘടിപ്പിക്കും

Ration Shop
Ration Shop
രേണുക വേണു| Last Modified തിങ്കള്‍, 8 ജൂലൈ 2024 (08:15 IST)

റേഷന്‍ കടകള്‍ അടച്ചിട്ടുള്ള വ്യാപാരികളുടെ സമരം ആരംഭിച്ചു. ജൂലൈ 8, 9 (തിങ്കള്‍, ചൊവ്വ) ദിവസങ്ങളിലാണ് സമരം. ഭരണ-പ്രതിപക്ഷ സംഘടനകളുടെ സംയുക്ത സമര സമിതി പ്രഖ്യാപിച്ച സമരത്തില്‍ സംസ്ഥാനത്തെ റേഷന്‍ വിതരണം പൂര്‍ണമായി മുടങ്ങും. ശനി, ഞായര്‍ ദിവസങ്ങളും റേഷന്‍ കടകള്‍ക്ക് അവധിയായിരുന്നു. രണ്ട് ദിവസത്തെ സമരം കൂടിയാകുമ്പോള്‍ തുടര്‍ച്ചയായി നാല് ദിവസമാണ് റേഷന്‍ കടകള്‍ അടഞ്ഞുകിടക്കുക.

സമരത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ റേഷന്‍ വ്യാപാരികള്‍ രാപകല്‍ പ്രതിഷേധം സംഘടിപ്പിക്കും. സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍.അനിലുമായി റേഷന്‍ ഡീലര്‍മാരുടെ സംഘടനാ നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ സമവായമാകാത്തതിനെ തുടര്‍ന്ന് സമരവുമായി മുന്നോട്ടു പോകാന്‍ സമര സമിതി തീരുമാനിക്കുകയായിരുന്നു.

റേഷന്‍ കടകള്‍ നടത്തുന്നവര്‍ക്ക് പ്രതിഫലം നല്‍കുന്നതിനു നിലവിലുള്ള നിബന്ധനകളില്‍ മാറ്റം വരുത്തുക, ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുക, ക്ഷേമനിധി ബോര്‍ഡ് പുനഃസംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :