റിയാന ഭയക്കുന്ന അലക്സി ഒരു യുവതി!

Riyana
കാസര്‍‌ഗോഡ്| WEBDUNIA|
PRO
PRO
കാസര്‍‌ഗോഡില്‍ നിന്ന് കാണാതാവുകയും ഒമ്പതുമാസത്തിന് ശേഷം കൊല്ലത്തെ പത്തനാപുരത്ത് കണ്ടെത്തപ്പെടുകയും ചെയ്ത പതിനാറുകാരി ഇടക്കിടെ പറയുന്ന “അലക്സി” എന്ന പേരുള്ളയാള്‍ മുപ്പതുവയസിനു താഴെയുള്ള യുവതിയാണെന്നും തൃശൂര്‍ ഭാഗത്താണ്‌ ഇവരുടെ താവളമെന്നും സംശയിക്കുന്നതായി റിയാന സമരസമിതി നേതാക്കള്‍ പറയുന്നു. “മാലിക്ക്” എന്നയാള്‍ റിയാനയുടെ സഹോദരിയുടെ ഭര്‍ത്താവ് തന്നെയാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

അലക്സി എന്ന് റിയാന വിശേഷിപ്പിക്കുന്ന സ്ത്രീ ഒരു പച്ച മാരുതി വാനില്‍ വന്ന് റിയാനയെ വീട്ടില്‍ നിന്ന് കൊണ്ടുപോകുന്നത് കണ്ടവരുണ്ടെത്രെ. എന്നാല്‍ ഇത് വിശ്വസിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. കൊല്ലം ആര്യങ്കാവിലെ, ‘ജീന്‍സും ടീഷര്‍ട്ടു’മിട്ട ചേച്ചിയെന്ന് റിയാന വിശേഷിപ്പിച്ച വ്യക്തി ആരാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്.

അതിനിടെ, പരവനടുക്കം മഹിളാ മന്ദിരത്തില്‍ പാര്‍പ്പിച്ച ചെങ്കള തൈവളപ്പിലെ റിയാനയെ, വെള്ളിയാഴ്ച ഹൈക്കോടതിയില്‍ ഹാജരാക്കാനായി ക്രൈംബ്രാഞ്ച് എസ്പി എന്‍.പി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഏറ്റുവാങ്ങി എറണാകുളത്തേക്ക് കൊണ്ടുപോയി.

റിയാനയെ പൊലീസ് സംഘം ഏറ്റെടുക്കുന്നത് കാണാന്‍ അമ്മ ഫൌസിയയും ജ്യേഷ്ഠത്തിമാരും പരവനടുക്കം മഹിളാ മന്ദിരത്തില്‍ എത്തിയിരുന്നു. ജ്യേഷ്ഠത്തിമാരെ കണ്ടപ്പോള്‍ റിയാനയുടെ കണ്ണുകള്‍ വിടര്‍ന്നു. കൈകള്‍ പിടിച്ച്‌ ചിരിച്ചു. എന്റെക്കൂടെ വരുന്നോ ഗാന്ധിഭവനിലേക്കെന്നുപറഞ്ഞ്‌ അവരോട്‌ വിവരങ്ങള്‍ തിരക്കി. എങ്കിലും റിയാന സാധാരണ നിലയിലായിരുന്നില്ല. പെട്ടെന്നവളുടെ ഭാവം മാറി. 'അലക്സി വരുന്നുണ്ട്‌... എനിക്ക്‌ പേടിയാവുന്നു... നമുക്ക്‌ ഗാന്ധിഭവനിലേക്ക്‌ പോകാം...' എന്ന് ഉറക്കെ പറയാന്‍ തുടങ്ങി.

ഹൈക്കോടതിയുടെ നിര്‍ദ്ദേശിക്കുന്നത് അനുസരിച്ചായിരിക്കും ഇനി കേസന്വേഷണം നടക്കുകയെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ വ്യക്തമാക്കി. റിയാനയുടെ തിരോധാനവുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ചുള്ള അന്വേഷണം സിബിഐയെ ഏല്‍പിക്കണമെന്നാണ് മാതാവ് ഫൗസിയയും റിയാന സമരസമിതി ഭാരവാഹികളും ആവശ്യപ്പെടുന്നത്. റിയാനയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഏറെ ദുരൂഹതകളുണ്ടെന്ന് കാസര്‍കോട്ടെ ജനങ്ങള്‍ ഒന്നടങ്കം വിശ്വസിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :