തിരുവനന്തപുരം: റയില്‍വേ ബഡ്ജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ശനിയാഴ്ച റയില്‍വേ സ്റ്റേഷനുകളിലേക്ക് മാര്‍ച്ച് നടത്തും. നിരാശാജനകവും പരിതാപകരവുമാണ് റെയില്‍ ബഡ്ജറ്റെന്ന് ഡി വൈ എഫ് ഐ നേതൃത്വം പ്രതികരിച്ചു.
റയില്‍ ബഡ്ജറ്റ് കേരളത്തെ സംബന്ധിച്ച് നിരാശാജനകമാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും പ്രതികരിച്ചു. ഡല്‍ഹിയില്‍ റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവിനെ കാണുകയാണെങ്കില്‍ കേരളത്തിന്റെ നിരാശ അറിയിക്കും. ചില ട്രെയിനുകള്‍ ആഴ്ചയില്‍ രണ്ടു തവണയാക്കിയതു മാത്രമാണ് കേരളത്തിന് ലഭിച്ച നേട്ടമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിലാസ്പൂര്‍ - തിരുവനന്തപുരം - തിരുനെല്‍വേലി പ്രതിവാര ട്രെയിനും ആഴ്ചയില്‍ രണ്ടുതവണ ഓടുന്ന മുംബൈ - തിരുനെല്‍വേലി - തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസുമാണ് കേരളത്തിന് അനുവദിച്ചത്.
കൊച്ചുവേളി - മുംബൈ ഗരീബ് രഥ് ആഴ്ചയില്‍ രണ്ടു ദിവസമാക്കിയതും ചെന്നൈ - ബാംഗ്ലൂര്‍ - കൊച്ചി നഗരങ്ങളെ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിനിനായുള്ള സാധ്യതാപഠനം നടത്തുമെന്ന് പ്രഖ്യാപിച്ചതും കേരളത്തിന് ഗുണമായി.