രാജഭക്‌തി കമ്യൂണിസ്റ്റ്‌ പാരമ്പര്യമല്ല: തോമസ് ഐസക്

കോഴിക്കോട്‌| WEBDUNIA|
PRO
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ എല്ലാ ദിവസവും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ദര്‍ശനം നടത്താറുണ്ടെന്നും പായസം എന്ന വ്യാജേന പാത്രത്തില്‍ സ്വര്‍ണവുമായാണ് അദ്ദേഹം ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതെന്നുമുള്ള പ്രതിപക്ഷ നേതാവ് വി ‌എസ് അച്യുതാനന്ദന്‍റെ വിവാദപ്രസ്താവനയെ ന്യായീകരിച്ച് സി പി എം നേതാവ് തോമസ് ഐസക് രംഗത്തെത്തി. കമ്യൂണിസ്റ്റ് നിലപാടാണ് വി എസ് പറഞ്ഞതെന്ന് ഐസക് വ്യക്തമാക്കി.

രാജഭക്‌തി കമ്യൂണിസ്റ്റ്‌ പാരമ്പര്യമല്ലെന്നും ഇതുസംബന്ധിച്ച ചര്‍ച്ച പൊതുസമൂഹം ഏറ്റെടുക്കണമെന്നും തോമസ് ഐസക് പറഞ്ഞു. അതേസമയം തിരുവിതാംകൂര്‍ രാജകുടുംബത്തിനെതിരായി വി എസ് നടത്തിയ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും, കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തലയും പറഞ്ഞു. വി എസിന്‍റെ പദവിക്ക് യോജിച്ച പ്രസ്താവനയായിരുന്നില്ല അതെന്നും എന്നാല്‍ വി എസിനെ ഉപദേശിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്നും ജനങ്ങള്‍ക്കൊപ്പം നിന്ന വ്യക്തിയാണ്‌ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയെന്നും അദ്ദേഹത്തെ കുറിച്ച്‌ വി എസിന് ഇത്തരം വിവരങ്ങള്‍ എവിടെനിന്‍ ലഭിച്ചു എന്ന് തനിക്കറിയില്ലെന്നും ചെന്നിത്തല പറഞ്ഞു. വി എസ് നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ ശിവസേന തിരുവനന്തപുരത്ത് പ്രക്ഷോഭം സംഘടിപ്പിച്ചു. വി എസിന്‍റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി.

അറിവില്ലാത്ത കാര്യങ്ങളില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിനെതിരായി വി‌ എസ് പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നു എന്ന് എന്‍ എസ് എസ് പ്രതികരിച്ചു.

മാര്‍ത്താണ്ഡവര്‍മ രാജാവിനെതിരേ വി എസ്‌ വില കുറഞ്ഞ പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നു. ഈ ആരോപണത്തില്‍ ഒരു കഴമ്പുമില്ല. തെളിവില്ലാത്ത കാര്യത്തില്‍ ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്ന്‌ കരുതി നിജസ്ഥിതി മനസിലാക്കാതെ വി എസ്‌ ആരോപണമുന്നയിച്ചത് തെറ്റായിപ്പോയി - എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

തിരുവിതാംകൂര്‍ രാജകുടുംബത്തെക്കുറിച്ച്‌ വി എസ്‌ അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവന സാംസ്കാരിക കേരളത്തിന്‌ യോജിക്കാത്തതാണെന്ന്‌ മന്ത്രി കെ സി ജോസഫും അഭിപ്രായപ്പെട്ടു. പ്രസ്താവന പിന്‍വലിച്ച്‌ അച്യുതാനന്ദന്‍ മാപ്പുപറയണമെന്നാണ് കെ സി ജോസഫിന്റെ ആവശ്യം. വി എസിന്റെ അഭിപ്രായത്തോട്‌ സിപിഎം സെക്രട്ടറി പിണറായി വിജയന്‍ യോജിക്കുന്നുണ്ടോയെന്ന്‌ വ്യക്തമാക്കണമെന്നും കെ സി ജോസഫ്‌ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :