രാജന്‍ മൊഴി മാറ്റിയത് ബിജെപി സമ്മര്‍ദ്ദം മൂലം: പിജെ കുര്യന്‍

തിരുവനന്തപുരം| WEBDUNIA| Last Modified ചൊവ്വ, 5 ഫെബ്രുവരി 2013 (09:53 IST)
PRO
PRO
സൂര്യനെല്ലിക്കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് പിജെ കുര്യന്‍. ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ കുര്യന്‌ അനുകൂലമായി മൊഴി നല്‍കിയ പ്രധാനസാക്ഷി ബിജെപി നേതാവ്‌ രാജന്‍ മൂലവീട്ടില്‍ നിലപാട് മാറ്റിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബി ജെ പിയില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണ് രാജന്‍ ഇപ്പോള്‍ നിലപാട് മാറ്റിയത് എന്ന് കുര്യന്‍ പറഞ്ഞു. മുമ്പും രാജന് മൊഴിമാറ്റാന്‍ സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നു. അന്ന് ഒ രാജഗോപാല്‍ അടക്കമുള്ള ബി ജെ പി നേതാക്കളുടെ പിന്തുണയോടെയാണ് രാജന്‍ തന്റെ മൊഴിയില്‍ ഉറച്ചുനിന്നത്. കണ്ടത് സത്യമാണെങ്കില്‍ അത് പറയണം എന്ന് രാജഗോപാല്‍ രാജനോട് ആവശ്യപ്പെട്ടിരുന്നു. ബി ജെ പിയുടെ ഇപ്പോഴത്തെ നേതൃത്വം തള്ളിപ്പറഞ്ഞതിനെ തുടര്‍ന്നാണ് രാജന്‍ ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുന്നതെന്നും കുര്യന്‍ പറഞ്ഞു.

രാജന്റെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് ഹൈക്കോടതിയും പിന്നീട് സുപ്രീംകോടതിയും കുര്യനെ വെറുതെവിട്ടത്. സംഭവദിവസം തിരുവല്ലയിലെ ഇടിക്കുളയുടെ വീട്ടില്‍വെച്ച് പി ജെ കുര്യനെ കണ്ടത് അഞ്ചുമണിക്കാണ് എന്നാണ് രാജന്‍ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ കുര്യനെ കണ്ടത് രാത്രി ഏഴ് മണിക്കാണ് എന്നാണ് നേരത്തെ അന്വേഷണ സംഘത്തിന് രാജന്‍ മൊഴി നല്‍കിയത്. അതേസമയം തീയതി കൃത്യമായി ഓര്‍ക്കുന്നില്ലെന്നും പീഡനം നടന്ന ദിവസമാണോ അതെന്ന് ഓര്‍ക്കുന്നില്ലെന്നും രാജന്‍ പറയുന്നു. 1996 നവംബര്‍ 19ന് വൈകിട്ട് ഏഴു മണിക്കാണ് കുര്യനെ കണ്ടതെന്ന് താന്‍ മൊഴി നല്‍കിയത് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ചാര്‍ളി തന്നെ വന്നു കണ്ട് നിര്‍ദ്ദേശിച്ചത് പ്രകാരമാണ് എന്നും ഇദ്ദേഹം പറയുന്നു.

ഏഴു മണിക്ക് ഇടിക്കുളയുടെ വീട്ടില്‍ കുര്യന്‍ ഉണ്ടായിരുന്നു എന്നാണ് രാജന്റെ മൊഴി. അതിനുശേഷം എട്ടുമണിയോടെ ചങ്ങനാശേരിയില്‍ എന്‍എസ്എസ് ആസ്ഥാനത്ത് കുര്യന്‍ എത്തി എന്ന് ജി സുകുമാരന്‍ നായരും മൊഴി നല്‍കി. ഇതിനിടയില്‍ കുമളി ഗസ്‌റ്റ്‌ ഹൗസില്‍ പോയിവരാനുള്ള സമയമില്ല എന്ന വാദം കുര്യന്‌ അനുകൂലമാകുകയും ചെയ്തു. പക്ഷേ പ്രധാനസാക്ഷിയുടെ നിലപാട് മാറ്റം കുര്യനെ വീണ്ടും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :