രക്തം മാറി നല്‍കി രോഗി മരിച്ച സംഭവം; സ്റ്റാഫ് നഴ്‌സിനെ സസ്‌പെന്റു ചെയ്തു

കോഴിക്കോട്| WEBDUNIA|
PRO
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രക്തം മാറി നല്‍കിയതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ ഡ്യുട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്‌സിനെ സസ്‌പെന്റു ചെയ്തു. സ്റ്റാഫ് നഴ്‌സ് രഹ്നയെആണ് പ്രാഥമിക അന്വേഷണത്തിനു ശേഷം സസ്‌പെന്റു ചെയ്തത്. ഡ്യുട്ടി ഡോക്ടര്‍ രജനിയോട് ആശുപത്രി അധികൃതര്‍ വിശദീകരണം തേടി.

നഴ്‌സിന് സംഭവിച്ച പിഴവാണ് രോഗിയുടെ മരണത്തിന് ഇടയാക്കിയതെന്ന് ആശുപത്രി സൂപ്രണ്ട് നിയോഗിച്ച മൂന്നംഗ സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മരിച്ച തങ്കത്തിന് രക്തം നല്‍കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നില്ല. മറ്റൊരു രോഗിക്ക് നല്‍കേണ്ടിയിരുന്ന രക്തം ആളുമാറി നഴ്‌സ് തങ്കത്തിന് നല്‍കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

മെഡിക്കല്‍ കോളജില്‍ 26-ാം വാര്‍ഡില്‍ ഉദരസംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു അവര്‍. ഇതേ വാര്‍ഡില്‍ തങ്കം എന്നു പേരുള്ള മറ്റൊരു രോഗിക്കു നല്‍കേണ്ടിയിരുന്ന എ പോസിറ്റീവ് രക്തമാണ് ആളു മാറി നല്‍കിയത്. രക്തം മാറ്റി കയറ്റിയതോടെ രോഗിയുടെ നില പെട്ടെന്നു വഷളാവുകയും തുടര്‍ന്നു വെന്‍റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പതിനൊന്നു മണിയോടെ മരണം സംഭവിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :