യുവതിയുമൊത്ത് എസ്‌ഐ: എസ്‌പി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

നെടുമങ്ങാട്| WEBDUNIA| Last Modified തിങ്കള്‍, 21 ഡിസം‌ബര്‍ 2009 (14:16 IST)
യുവതിയുമൊത്ത് പൊന്‍‌മുടിയില്‍ ഉല്ലാസയാത്രയ്ക്കെത്തിയ തിരുവനന്തപുരം ഫോര്‍ട്ട് ‌എസ്‌ഐ വെട്ടിലായി. വഴിയില്‍ വാഹന പരിശോധനയ്ക്ക് നിന്നിരുന്ന പൊന്‍‌മുടി പൊലീസ് സംഘത്തിന്‍റെ കയ്യിലകപ്പെട്ടതോടെയാണ് എ‌സ്‌ഐക്കും യുവതിക്കും ഉല്ലാസയാത്രമതിയാക്കി നാണംകെട്ട് മടങ്ങേണ്ടിവന്നത്. സംഭവത്തെക്കുറിച്ച് എസ്‌പി വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ലോവര്‍ സാനിട്ടോറിയത്തിന് അടുത്ത് വാഹന പരിശോധന നടത്തുകയായിരുന്ന പൊന്‍‌മുടി എസ്‌ഐയും പൊലീസ് സംഘവുമാണ് ഇവരെ പിടികൂടിയത്. താനും പൊലീസിലാണെന്നും പൊന്‍‌മുടി കാണാന്‍ എത്തിയതാണെന്നും പറഞ്ഞ് ഫോര്‍ട്ട് എസ്‌ഐ തടിയൂരാ‍ന്‍ നോക്കിയെങ്കിലും സംശയം തോന്നിയ പൊലീസുകാര്‍ വിട്ടില്ല. അവിവാഹിതനായ എസ്‌ഐയോടൊപ്പം എങ്ങനെ യുവതി വന്നു എന്നതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ വ്യക്തമായ മറുപടി നല്‍കാന്‍ ഫോര്‍ട്ട് എസ്‌ഐക്ക് കഴിഞ്ഞതുമില്ല. താന്‍ വിവാഹം കഴിക്കാനുദ്ദേശിക്കുന്ന കുട്ടിയാണിതെന്നായിരുന്നു എസ്‌ഐയുടെ മറുപടി.

അവിടെയുണ്ടായിരുന്ന നാട്ടുകാരും അതുവഴി കടന്നുപോയ വിനോദസഞ്ചാരികളും വിവരമന്വേഷിച്ചിറങ്ങിയതോടെ സ്ഥലത്ത് വന്‍ ആള്‍ക്കൂട്ടവുമായി. ഒടുവില്‍ പാലോട് സിഐയുടെ അഭ്യര്‍ത്ഥന പ്രകാരം പൊന്‍‌മുടിയിലെ പൊലീസുകാര്‍ എസ്‌ഐയെയും യുവതിയെയും വിട്ടയയ്ക്കുകയായിരുന്നു.

പൊലീസുകാര്‍ തന്‍റെ വാഹനം തടഞ്ഞുനിര്‍ത്തി അപമര്യാദയായി പെരുമാറിയതായി പൊന്‍‌മുടി സ്റ്റേഷനില്‍ എസ്‌ഐ പരാതി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായാണ് വിവരം. സംഭവത്തെക്കുറിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ പാലോട് സിഐയോടും സ്പെഷ്യല്‍ ബ്രാഞ്ചിനോടും എസ് പി ആവശ്യപ്പെട്ടിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :