കണ്ടശ്ശാംകടവ് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ ഓഫിസ് മുറികളിലെ രേഖകള്‍ക്കും ഫര്ണീച്ചറുകള്ക്കും മോഷ്ടാക്കള്‍ തീയിട്ടു. സ്കൂള്‍ സംബന്ധിയായ വിലപ്പെട്ട രേഖകളാണ് കത്തിനശിച്ചത്. പുലര്‍ച്ചെ നാലുമണിക്ക് പത്രക്കെട്ടുകള്‍ എടുക്കാനിറങ്ങിയ പത്രവിതരണക്കാരാണ് സ്കൂളില്‍ നിന്ന് പുകയുയരുന്നത് കണ്ടത്. വിവരമറിഞ്ഞെത്തിയ അന്തിക്കാട് പൊലീസ് പരിശോധിച്ചപ്പോഴാണ് ഓട് പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കളാവാം ആക്രമണത്തിന് പിന്നിലെന്ന നിഗമനത്തിലെത്തിയത്.
സ്കൂളിലെ അഞ്ച് മുറികളിലെ വസ്തുക്കള്‍ കത്തിച്ചതിനു പുറമെ 4,000 രൂപയും ലാപ്ടോപ്പും മോഷ്ടിച്ചിട്ടുണ്ട്. സ്കൂളിന്റെ മേല്‍ക്കൂരക്ക് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. എല്‍ പി, യു പി വിഭാഗങ്ങളുടെ ഓഫിസുകളിലെ അലമാരകളും മറ്റും പരിശോധിച്ചിട്ടുണ്ട്. സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണിവിടെ.
സ്കൂളിനകത്തുസൂക്ഷിച്ചിരുന്ന താക്കോല്‍ കൂട്ടം ഹൈസ്കൂള്‍ അങ്കണത്തിലെ കിണറില്‍ നിന്നാണ് കണ്ടെത്തിയത്. യു പി സ്കൂള്‍ മുറ്റത്തെ കിണറിനു മുകളിലുള്ള ഗ്രില്‍ തുറന്ന നിലയിലാണ്. സമീപത്തുനിന്ന് മദ്യക്കുപ്പി കണ്ടെത്തിയിട്ടുണ്ട്. തൃശൂര്‍ ഡി വൈ എസ് പി സി എസ് ഷാഹുല്‍ഹമീദിന്റെ നേതൃത്വത്തില്‍ പരിശോധന തുടരുകയാണ്.