മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന കോടതി നിര്‍ദേശം ബിജു രാധാകൃഷ്ണന്‍ ലംഘിച്ചു

കൊല്ലം| WEBDUNIA|
PRO
PRO
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന കോടതി നിര്‍ദേശം സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍ ലംഘിച്ചു. നാല് പോലീസുകാരുടെ സാന്നിധ്യത്തില്‍ 10 മിനിട്ടോളമാണ് ബിജു ഫോണില്‍ സംസാരിച്ചത്. കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു സംഭവം.

മൊബൈല്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന ബിജുവിന്റെ ആവശ്യം കോടതി നിരസിച്ചിരുന്നു. അതേദിവസം തന്നെയാണ് പോലീസ് സാന്നിധ്യത്തില്‍ ബിജു ഫോണില്‍ സംസാരിച്ചത്. അഭിഭാഷകന്റെ ഫോണ്‍ ഉപയോഗിച്ചാണ് ബിജു അമ്മയുമായി ഫോണില്‍ സംസാരിച്ചത്. പോലീസുകാര്‍ മൊബൈല്‍ സംഭാഷണം വിലക്കിയില്ല.

ഇതിനു പുറമെ വിലക്ക് ലംഘിച്ച് കോടതിക്ക് പുറത്ത് ബന്ധുവിനോടും ബിജു പത്ത് മിനിറ്റിലേറെ സംസാരിച്ചു. അഭിഭാഷകനുമായി സംസാരിക്കണം, കുറ്റപത്രത്തിന്റെ പകര്‍പ്പ് വേണം, ജയിലില്‍ സന്ദര്‍ശകരെ അനുവദിക്കണം എന്നീ ആവശ്യങ്ങളാണ് ബിജു കോടതിയില്‍ ഉന്നയിച്ചത്. ഈ ആവശ്യങ്ങള്‍ കോടതി തള്ളുകയായിരുന്നു.

ആദ്യ ഭാര്യ രശ്മിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ബിജു രാധാകൃഷ്ണനെ കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയത്. കേസിന്റെ കുറ്റപത്രം ബിജുവിനെ വായിച്ചുകേള്‍പ്പിച്ചു. ബിജു രാധാകൃഷ്ണന്റെ അമ്മ രാജമ്മാളിനെതിരെ സമന്‍സ് ഹാജരാക്കുന്നതില്‍ വീഴ്ച വരുത്തിയതില്‍ കൊല്ലം പുത്തൂര്‍ പോലീസിനെ കോടതി വിമര്‍ശിക്കുകയും ചെയ്തു. കേസ് ഈ മാസം 14ന് വീണ്ടും പരിഗണിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :