മൂര്‍ഖനും രാജവെമ്പാലയും പുല്ലാണേ...!

തിരുവനന്തപുരം| WEBDUNIA|
PRO
പിടിച്ച പാമ്പുകളുടെ എണ്ണം പതിനായിരത്തിലേറെ. ഇരുനൂറ്റമ്പതിലേറെത്തവണ പാമ്പുകളുടെ കടിയേറ്റു. വാവ സുരേഷ് ചിരിക്കുകയാണ്. എവിടെയെങ്കിലും മൂര്‍ഖനെ കണ്ടോ? എവിടെയെങ്കിലും ഇറങ്ങിയോ? തന്‍റെ മൊബൈല്‍ നമ്പരിലേക്ക് വിളിക്കാന്‍ വാവ സുരേഷ് പറയുന്നു.

അടയിരുന്ന മൂര്‍ഖനെ പിടികൂടുന്നതിനിടയില്‍ വാവ സുരേഷിന് കഴിഞ്ഞ ദിവസം പാമ്പുകടിയേറ്റിരുന്നു. എന്നാല്‍ അത്ഭുതകരമായി ഇത്തവണയും മരണത്തെ അതിജീവിച്ച് വാവ സുരേഷ് തിരിച്ചെത്തി. ബുധനാഴ്ചയാണ് വാവ സുരേഷ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയത്. എന്നാല്‍ പൂര്‍ണമായും ചികിത്സ അവസാനിച്ചിട്ടില്ല.

ഇപ്പോഴും കടുത്ത വേദനയുണ്ട് വാവ സുരേഷിന്. ശരീരത്തില്‍ വിഷം നിലനില്‍ക്കുന്നതാണ് കാരണം. മൂര്‍ഖന്‍ കടിച്ച വിരല്‍ പഴുത്ത് നില്‍ക്കുകയാണ്. വിഷം നില്‍ക്കുന്നതിനാല്‍ മരുന്നുകളൊന്നും ഫലിക്കുന്നില്ല. ഇനി ഒരു ശസ്ത്രക്രിയകൊണ്ടേ വിരലിനേറ്റ ക്ഷതം ശരിയാക്കാനാകൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

അടയിരുന്ന മൂര്‍ഖനെ പിടികൂടിയ ശേഷം ജനങ്ങള്‍ക്കുമുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെയാണ് വാവ സുരേഷിനെ മൂര്‍ഖന്‍ ആക്രമിച്ചത്. വെഞ്ഞാറമ്മൂട് മണ്ഡപക്കുന്ന്‌ ഏലാതോട്ടില്‍ ഒരു പൊത്തില്‍ നാല്‍പ്പതോളം മുട്ടകള്‍ക്ക് അടയിരുന്ന മൂര്‍ഖനെ പിടികൂടുന്നതിനിടെയായിരുന്നു സംഭവം.

ഇതുവരെ 10500 പാമ്പുകളെ വാവ പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ - ജനുവരി മാസത്തില്‍ മാത്രം 650 പാമ്പുകളെ പിടിച്ചു. എന്നാല്‍ ഇത്രയധികം പാമ്പുകളെ പിടിച്ചിട്ടും കഴിഞ്ഞ 25 വര്‍ഷത്തിനിടെ എട്ട്‌ രാജവെമ്പാലകളെ മാത്രമാണ് വാവ സുരേഷിന് പിടികൂടാനായത്. ഇതില്‍ നാലെണ്ണത്തെയും പിടികൂടിയത് പത്തനംതിട്ടയിലെ കോന്നിയില്‍ നിന്നാണ്.

ചെറുവയ്ക്കല്‍ തേരുവിള വീട്ടില്‍ ബാഹുലേയന്‍റെയും കൃഷ്ണമ്മയുടെയും മകനായ വാവ സുരേഷ് പന്ത്രണ്ടാം വയസിലാണ് ആദ്യമായി പാമ്പിനെ പിടിച്ചത്. അതും ഒരു കരിമൂര്‍ഖനായിരുന്നു!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :