ഇടുക്കി|
WEBDUNIA|
Last Modified തിങ്കള്‍, 25 ജനുവരി 2010 (10:23 IST)
PRO
PRO
മൂന്നാറില്‍ അനധികൃതമായ ഭൂമി കൈയേറ്റത്തിനായി ചട്ടലംഘനങ്ങള്‍ നടക്കുന്നത് പരിശോധിക്കാന്‍ നിയമസഭാ സബോര്‍ഡിനേറ്റ് ലജിസ്ലേഷന്‍ കമ്മിറ്റി ഇന്നു തെളിവെടുപ്പ് നടത്തും. വിനോദസഞ്ചാരത്തിന്റെ മറവില്‍ മൂന്നാറില്‍ അനധികൃത ഭൂമി കൈയേറ്റവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വ്യാപകമാകുന്നു എന്ന പരാതികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിയമസഭാ സമിതിയുടെ സിറ്റിങ്.
മുന്‍ ഗതാഗതമന്ത്രി മാത്യു ടി തോമസ് അധ്യക്ഷനായ മൂന്നംഗ സമിതിയാണ് ഇന്നു മൂന്നാറില്‍ തെളിവെടുപ്പിനായി എത്തുന്നത്. പ്രത്യക വിനോദസഞ്ചാര മേഖലയായ മൂന്നാറില്‍ 2005ലെ കേരള വിനോദ സഞ്ചാരം; പരിപാലനവും സംരക്ഷണവും നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്നും സമിതി പരിശോധിക്കും.
എം എല്‍ എ മാരായ ശിവദാസന്‍ നായര്‍, സൈമണ്‍ ബ്രിട്ടോ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. മൂന്നാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന തെളിവെടുപ്പില്‍ പൊതുജനങ്ങള്‍ക്കും, സംഘടനകള്‍ക്കും തെളിവുകള്‍ നല്‍കാം. മൂന്നാര്‍ കൈയെറ്റം സംബന്ധിച്ച് നിരവധി പരാതികള്‍ ഇതിനകം തന്നെ സമിതിക്ക് ലഭിച്ചിട്ടുണ്ട്.