മൂന്നാര്‍ വനംഭൂമി വിജ്ഞാപനം അംഗീകരിച്ചു

തിരുവനന്തപുരം| WEBDUNIA| Last Modified ബുധന്‍, 6 ഒക്‌ടോബര്‍ 2010 (14:57 IST)
മൂന്നാര്‍ വനംഭൂമി വിജ്ഞാപനം സംസ്ഥാന മന്ത്രിസഭായോഗം അംഗീകരിച്ചു. ഇന്നു തിരുവനന്തപുരത്തു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ 17,352 ഏക്കര്‍ ഭൂമി വനഭൂമിയായി വിജ്ഞാപനം ചെയ്യണമെന്ന വനംവകുപ്പിന്‍റെ ശുപാര്‍ശ അംഗീകരിക്കുകയായിരുന്നു.

മൂന്നാര്‍ വനഭൂമി വിജ്ഞാപനം ചെയ്യണമെന്ന കാര്യം മുമ്പു പലതവണയും മന്ത്രിസഭാ യോഗം പരിഗണിച്ചിരുന്നു. എന്നാല്‍ സി പി ഐ, സി പി എം പ്രാദേശിക നേതൃത്വത്തിന്‍റെ കടുത്ത എതിര്‍പ്പും പ്രദേശത്തു താമസക്കാരുണ്ടെന്ന കളക്ടറുടെ റിപ്പോര്‍ട്ടും വിജ്ഞാപനത്തിനു തടസമാകുകയായിരുന്നു.

എന്നാല്‍ നിയമപരമായി വനഭൂമി വിജ്ഞാപനം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനു ബാധ്യതയുണ്ടെന്നു മൂന്നാര്‍ സന്ദര്‍ശിച്ച കേന്ദ്രസമിതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന്‌ വിഷയം ഇന്നു വീണ്ടും പരിഗണനയ്ക്ക് എടുക്കുകയായിരുന്നു.

ആദ്യം വനം മന്ത്രി ബിനോയ്‌ വിശ്വം ഇതു സംബന്ധിച്ച നിര്‍ദേശം മുന്നോട്ടു വെച്ചു. തുടര്‍ന്ന് റവന്യൂ വകുപ്പ് പിന്തുണയ്ക്കുകയും നേരത്തെ വിജ്ഞാപനത്തെ എതിര്‍ത്ത മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ വനംവകുപ്പിന്‍റെ നിര്‍ദേശം അംഗീകരിക്കുകയുമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :