മൂന്നാര്‍: കര്‍ശന നടപടി വേണമെന്ന് കോടതി

കൊച്ചി| WEBDUNIA|
PRO
PRO
മൂന്നാറില്‍ അനധികൃതമായി ഭൂമി കൈയേറിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. റവന്യൂ വകുപ്പിന്‍റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്ക(എന്‍ ഒ സി)റ്റും തദ്ദേശഭരണ സ്ഥാപനങ്ങളുടെ പെര്‍മിറ്റും ഇല്ലാത്ത എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാനും ഹൈക്കോടതി ഉത്തരവിട്ടു.

മൂന്നാര്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന്‌ ആരോപിച്ച്‌ തൃശൂരിലെ പരിസ്ഥിതി സംഘടനയായ വണ്‍ എര്‍ത്ത്‌ വണ്‍ ലൈഫ്‌ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചു കൊണ്ട് ചീഫ്‌ ജസ്റ്റിസ്‌ എസ്‌ ആര്‍ ബന്നൂര്‍മഠ്‌, ജസ്റ്റിസ്‌ തോട്ടത്തില്‍ രാധാകൃഷ്ണന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് നിര്‍ദ്ദേശം നല്കിയത്.

ഭൂമികൈയേറ്റം തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കോടതിയെ അറിയിക്കണം. റവന്യൂ വകുപ്പിന്‍റെ അനുമതിയില്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുത്‌. മൂന്നാറില്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കൂട്ടുനിന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

അതേസമയം, ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ്‌ ഹൈക്കോടതി നടത്തിയത്‌. മൂന്നു പ്രധാന റോഡുകളും ഏതാനും പോക്കറ്റ്‌ റോഡുകളും മാത്രമാണ്‌ മൂന്നാറിലുള്ളത്‌. ഈ റോഡുകളിലൂടെ പോയാല്‍മാത്രം തടയാവുന്ന അനധികൃത പ്രവര്‍ത്തനങ്ങളാണ്‌ അവിടെ നടക്കുന്നതെന്നും കോടതി പറഞ്ഞു‌. ഉദ്യോഗസ്ഥരിലെ ചെറിയ മീനുകള്‍ പിടിക്കപ്പെടുമ്പോള്‍ വലിയ മീനുകള്‍ രക്ഷപ്പെടുകയാണെന്നും കോടതി നിരീക്ഷിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :