മുസ്ലീം‌ലീഗിനെ കല്ലെറിഞ്ഞ് ഇളക്കിമറിച്ചു!

കോഴിക്കോട്| WEBDUNIA|
PRO
കോഴിക്കോട് നഗരത്തെയും കടപ്പുറത്തെയും പച്ചയണിയിച്ചുകൊണ്ട് ലക്ഷക്കണക്കിനാളുകള്‍ പങ്കെടുത്ത സമ്മേളനത്തെ സാക്ഷി നിര്‍ത്തി സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു, ‘തേനീച്ചക്കൂട്ടിന്‌ കല്ലെറിഞ്ഞതുപോലെ മുസ്ലിംലീഗ്‌ ഇളകിമറിഞ്ഞിരിക്കുന്നു!’ ബഹുജന റാലിയില്‍ പങ്കെടുത്ത ലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ കയ്യടിച്ചും ആര്‍ത്തുവിളിച്ചും തങ്ങളുടെ അഭിപ്രായം ശരിവച്ചു. തുടര്‍ന്ന് മുസ്ലിംലീഗില്‍ ഐഎന്‍എല്‍ ലയിച്ച വിവരം തങ്ങള്‍ ഔദ്യോഗികമായി പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിക്കുകയും ചെയ്തു.

“ഗൂഢാലോചന മുസ്ലിംലീഗിന്‌ പുത്തരിയല്ല. ഇപ്പോള്‍ വീണ്ടും ലീഗിനെ തകര്‍ക്കാനുള്ള ഗൂഡാലോചന നടന്നിരിക്കുകയാണ്. എന്തൊക്കെ ഗൂഡാലോചന നടന്നാലും അതൊക്കെ അതിജീവിച്ച പ്രസ്ഥാനമാണിത്‌. തേനീച്ചക്കൂട്ടിന്‌ കല്ലെറിഞ്ഞതുപോലെ മുസ്ലിംലീഗ്‌ ഇളകിമറിഞ്ഞിരിക്കുകയാണ്‌. അതിന്റെ പ്രത്യാഘാതം ഈ തെരഞ്ഞെടുപ്പില്‍ കേരളം കാണും.”

“സംസ്ഥാനത്ത് വിദ്യാഭ്യാസപരമായ വിപ്ലവം യാഥാര്‍ഥ്യമാക്കിയത് ലീഗും യുഡിഎഫുമാണെന്ന് ഓര്‍മ വേണം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൊണ്ടുവന്നത് ലീഗും യുഡിഎഫുമാണ്. എല്‍എഡിഎഫ് സര്‍ക്കാര്‍ വിദ്യാഭ്യാസരംഗം തകര്‍ക്കുന്ന നയങ്ങളാണ് തുടരുന്നത്. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നൂനപക്ഷ സ്കോളര്‍ഷിപ്പ് പോലും എല്‍ഡിഎഫ് അട്ടിമറിക്കുകയാണ് ഉണ്ടായത്” - പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

“ചിലരൊക്കെ ചേര്‍ന്ന് മുസ്ലിംലീഗിനെ കൊണ്ട്‌ ഈ റാലി നടത്തിച്ചതാണ്. ലീഗിന്റെ ഒരു സമ്മേളനം നടത്താന്‍ കേരളം മതിയാവില്ലെന്ന്‌ ഇത്‌ തെളിയിച്ചിരിക്കുന്നു. ഇവിടെ അണിനിരന്നിരിക്കുന്ന ജനലക്ഷങ്ങളെ കാണുക. തോല്‍വി ഭയന്ന്‌ നേതാക്കളെ തേജോവധം ചെയ്യുകയാണ്‌. ആരെങ്കിലും എന്തെങ്കിലും പറയുന്നതുകേട്ട്‌ സ്ഥാനമാനങ്ങള്‍ വലിച്ചെറിഞ്ഞ്‌ പോകുന്നത്‌ മുസല്‍മാന്‌ ഭൂഷണമല്ല” - അധ്യക്ഷത വഹിച്ച പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു.

ലീഗിനെ പേടിപ്പിക്കാന്‍ ആരും വളര്‍ന്നിട്ടില്ലെന്നും ആരെങ്കിലും ഊതിയാല്‍ പോകുന്ന അപ്പൂപ്പന്‍താടിയല്ലെന്നും പറഞ്ഞാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദ്‌ കയ്യടി നേടിയത്. യുഡിഎഫിന്റെ നട്ടെല്ലാണ്‌ മുസ്ലിംലീഗെന്നും അതിന്റെ നേതാവ്‌ കുഞ്ഞാലിക്കുട്ടിക്ക്‌ ഒരു പോറല്‍ ഏല്‍ക്കാന്‍ യു‌ഡി‌എഫ് സമ്മതിക്കില്ല എന്നുമാണ് കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞത്. മര്‍ദ്ദിത ജനകോടികളുടെ പടയണി പൊളിക്കുകയെന്നതാണ്‌ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നിലുള്ള ലക്‌ഷ്യമെന്ന് മുസ്ലിം ലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

എംകെ രാഘവന്‍ എംപി, എംപി അബ്ദുസമദ് സമദാനി, സിറാജ് ഇബ്രാഹിം സേട്ട്, ഇടി മുഹമ്മദ്ബഷീര്‍ എംപി, അഡ്വക്കേറ്റ് കെഎന്‍എ ഖാദര്‍, പിഎംഎ സലാം എംഎല്‍എ, ഡോക്‌ടര്‍ എംകെ മുനീര്‍, ടിഎ അഹമ്മദ് കബീര്‍, കെപിഎ. മജീദ്, പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍, പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, എം അലി, എംപി വിരേന്ദ്രകുമാര്‍, എംസി മായിന്‍ഹാജി, സി മമ്മൂട്ടി തുടങ്ങിയവരും പ്രസംഗിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :