മുല്ലപ്പെരിയാര്‍: കേരളം ഇന്ന് മറുപടി നല്‍കും

ഇടുക്കി| WEBDUNIA| Last Modified തിങ്കള്‍, 29 നവം‌ബര്‍ 2010 (09:54 IST)
PRO
PRO
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സുപ്രീംകോടതി ഉന്നതാധികാര സമിതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കേരളം ഇന്ന് മറുപടി നല്‍കും. കഴിഞ്ഞമാസം 15 നാണ്‌ കേരളത്തോടും തമിഴ്‌നാടിനോടും ഈ വിഷയത്തില്‍ അഭിപ്രായം അറിയിക്കാന്‍ ഉന്നതാധികാര സമിതി ആവശ്യപ്പെട്ടിരുന്നത്.

ഡാം ശക്തിപ്പെടുത്താന്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടിവരുമെന്നായിരുന്നു പ്രധാന ചോദ്യമായി സമിതി ഉന്നയിച്ചത്‌. ഡാമിലെ ജലനിരപ്പ്‌ 136 അടിയില്‍ നിന്ന്‌ 142 അടിയായി ഉയര്‍ത്താനാകില്ലെന്നും അണക്കെട്ട്‌ അപകടാവസ്ഥയിലാണെന്നുമുള്ള നിലപാട് തന്നെയായിരിക്കും കേരളം കൈക്കൊള്ളുക. മുല്ലപ്പെരിയാര്‍ പ്രശ്ന പരിഹാരത്തിനായി പുതിയ ഡാമും പുതിയ കരാറുമാണ്‌ വേണ്ടതെന്നും കേരളം ഉന്നതാധികാര സമിതിയെ അറിയിച്ചേയ്ക്കും.

ഡാമില്‍ കേന്ദ്ര ജല കമ്മീഷന്‍ നിര്‍ദേശിച്ച അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നെങ്കിലും ഡാം ശക്തിപ്പെടുത്താന്‍ ഇതുകൊണ്ടു കഴിയില്ലെന്നായിരുന്നു കേരളത്തിന്റെ മറുപടി. ഡാം നിര്‍മിക്കാനുള്ള മുഴുവന്‍ ചിലവും തങ്ങള്‍ വഹിക്കുമെന്ന് കേരളം വ്യക്തമാക്കിയിട്ടുണ്ട്. ഡാം നിര്‍മിക്കുമ്പോഴോ അതിനു ശേഷമോ തമിഴ്‌നാടിനുള്ള വെള്ളത്തില്‍ കുറവു വരില്ലെന്നും എന്നാല്‍പുതിയ കരാറിന്റെ അടിസ്ഥാനത്തിലായിരിക്കും വെള്ളം നല്‍കുകയെന്നും സംസ്ഥാനം വ്യക്തമാക്കിയിരുന്നു.

കേരളത്തിന്റേയും തമിഴ്‌നാടിന്റേയും മറുപടികള്‍പരിശോധിച്ച ശേഷം ഡിസംബര്‍ 20 മുതല്‍ ഉന്നതാധികാരസമിതി മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :