മുരളീരവം ഇനിയില്ല

കോഴിക്കോട്| WEBDUNIA|
PRO
ഗിരീഷ് പുത്തഞ്ചേരി ഓര്‍മ്മയായി. കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് പ്രിയപ്പെട്ട ഗാനരചയിതാവിന് സംസ്ഥാനം വിടനല്‍‌കിയത്. ഗിരീഷിനെ അവസാനമായി ഒരുനോക്കുകാണാന്‍ ആയിരക്കണക്കിന് പേരാണ് എത്തിയത്.

ഇന്ന് രാവിലെ പുത്തഞ്ചേരിയിലെ തറവാട്ടില്‍ നിന്ന് പുത്തഞ്ചേരിയിലെ എല്‍ പി സ്കൂളില്‍ എത്തിച്ച ഗിരീഷ് പുത്തഞ്ചേരിയുടെ ഭൌതിക ശരീരം ഉച്ചവരെ പൊതുദര്‍ശനത്തിന് വച്ചു. രാഷ്ട്രീയ, സിനിമാ, സാംസ്കാരിക രംഗങ്ങളിലെ നിരവധിപേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്.

ഉച്ചയ്ക്ക്‌ പന്ത്രണ്ടോടെ ഗിരീഷിന്‍റെ മൃതദേഹം ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിനു വച്ചു. സമൂഹത്തിന്‍റെ വിവിധമേഖലകളിലെ പ്രമുഖരാണ് വിടവാങ്ങുന്ന കവിയെ അവസാനമായി അഭിവാദ്യം അര്‍പ്പിക്കാന്‍ എത്തിയത്. സംവിധായകന്‍ മേജര്‍ രവി അലറിക്കരഞ്ഞുകൊണ്ട് ഗിരീഷിന്‍റെ മൃതദേഹം വച്ചിരുന്ന കണ്ണാടിക്കൂടിന് മുകളിലേക്ക് വീണത് ഏവരുടെയും കണ്ണുനനയിച്ചു. ഗായകന്‍ എം ജി ശ്രീകുമാറും പൊട്ടിക്കരയുകയായിരുന്നു.

വിങ്ങുന്ന മുഖവുമായി പ്രിയസുഹൃത്ത് രഞ്ജിത്തിന്‍റെ നേതൃത്വത്തിലാണ് ഗിരീഷ് പുത്തഞ്ചേരിയുടെ മൃതദേഹം ശ്മശാനത്തിലേക്കെടുത്തത്. തലച്ചോറിലെ രക്‌തസ്രാവത്തെത്തുടര്‍ന്ന്‌ ഇന്നലെ രാത്രി ഒമ്പതരയോടെയാണ് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ പാട്ടിന്‍റെ പാലാഴി തീര്‍ത്ത ഗാനരചിയിതാവ് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്. കഴിഞ്ഞ ശനിയാഴ്ച രാത്രി കാരപ്പറമ്പിലെ വീട്ടില്‍ രക്‌തം ഛര്‍ദിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാ‍ര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച മുതല്‍ അദ്ദേഹം അബോധാവസ്ഥയിലായിരുന്നു.

ഇരുപതു വര്‍ഷത്തിലേറെയായി മലയാള ചലച്ചിത്രഗാന രചനാ രംഗത്തെ നിറസാന്നിധ്യമായിരുന്നു ഗിരീഷ്‌ പുത്തഞ്ചേരി 1961ല്‍ കോഴിക്കോട്ട് ജില്ലയിലെ പുത്തഞ്ചേരിയിലാണ് ജനിച്ചത്. ആകാശവാണിക്കു വേണ്ടി ലളിതഗാനങ്ങള്‍ രചിച്ചു കൊണ്ട് ഗാനരചനാ മേഖലയിലേക്ക് പ്രവേശിച്ചു. നാനൂറോളം സിനിമകളിലായി രണ്ടായിരത്തോളം ഗാനങ്ങള്‍ക്ക് രചന നിര്‍വഹിച്ചിട്ടുണ്ട്‌. മികച്ച ഗാനരചനയ്ക്ക്‌ ഏഴു തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ നേടിയിട്ടുള്ള അദ്ദേഹം വടക്കും‌നാഥന്‍, പല്ലാവൂര്‍ ദേവനാരായണന്‍, കിന്നരിപ്പുഴയോരം എന്നീ സിനിമകളുടെ തിരക്കഥാകൃത്തുമാണ്. ‘മേലേപ്പറമ്പില്‍ ആണ്‍‌വീട്’ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ കഥയും പുത്തഞ്ചേരിയുടേതാണ്.

എന്റെ പ്രിയപ്പെട്ട പാട്ടുകള്‍, തനിച്ചല്ല, ഷഡ്ജം എന്നിവയാണു പ്രസിദ്ധീകരിച്ച കൃതികള്‍. ഇന്ത്യന്‍ പെര്‍ഫോമിങ്‌ റൈറ്റ്‌ സൊസൈറ്റി, മലയാള വിഭാഗം ഡയറക്ടര്‍, കേരള കലാമണ്ഡലം ഭരണ സമിതി അംഗം, ലളിതകലാ അക്കാദമി ഭരണ സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഭാര്യ: ബീന. മക്കള്‍: ജിതിന്‍ കൃഷ്ണന്‍, ദിന്‍നാഥ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :