മുരളീധരന്‍ കഴിവുള്ള, അനുഭവസമ്പത്തുള്ള നേതാവ്: ചെന്നിത്തല

തിരുവനന്തപുരം| WEBDUNIA|
PRO
കെ മുരളീധരന്‍ കഴിവും അനുഭവസമ്പത്തുമുള്ള നേതാവാണെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക്‌ മുരളീധരന്‍റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ക്രിയാത്മകമായി വിനിയോഗിക്കുമെന്നും ചെന്നിത്തല പറഞ്ഞു. മുരളീധരന്‍ കെ പി സി സി അധ്യക്ഷനെന്ന നിലയില്‍ പ്രവര്‍ത്തിച്ച് അനുഭവ സമ്പത്തുള്ളയാളാണെന്നും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്നും ചെന്നിത്തല പറഞ്ഞു.

മുരളീധരന്‍ ഐ ഗ്രൂപ്പില്‍ മടങ്ങിയെത്തിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. ഗ്രൂപ്പില്ലാതെ കോണ്‍ഗ്രസില്‍ നില്‍ക്കാന്‍ സാധിക്കില്ലെന്നും ഗ്രൂപ്പിസത്തെ ഹൈക്കമാന്‍ഡ് അംഗീകരിച്ചിട്ടുണ്ടെന്നും പറഞ്ഞുകൊണ്ട് കെ മുരളീധരന്‍ ഐ ഗ്രൂപ്പിലേക്ക് ചേരുകയാണെന്ന് അറിയിക്കുകയായിരുന്നു.

ഐ ഗ്രൂപ്പിനെ നയിക്കുന്നത് രമേശ് ചെന്നിത്തലയാണെന്നും ചെന്നിത്തലയുമായി ഈഗോ പ്രശ്‌നമില്ലെന്നും മന്ത്രിസഭാ പ്രവേശനത്തില്‍ ഒമ്പത് വര്‍ഷം മുമ്പ് തനിക്കുണ്ടായ അനുഭവം തന്നെയാണ് ചെന്നിത്തലയ്ക്കും ഉണ്ടായതെന്നും മുരളീധരന്‍ പറഞ്ഞു. ഭരണതലത്തില്‍ അവഗണിക്കുന്നുവെന്ന് ഗ്രൂപ്പിനുള്ളില്‍ തന്നെ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് ഐ ഗ്രൂപ്പിന്‍റെ ഭാഗമാകാനുള്ള മുരളീധരന്‍റെ തീരുമാനം.

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ ചെന്നിത്തല വിഭാഗവും മുരളീധരന്‍ വിഭാഗവും ഒന്നിച്ചായിരുന്നു പ്രവര്‍ത്തിച്ചത്. രമേശ് ചെന്നിത്തലയും മുരളീധരനും ചര്‍ച്ച നടത്തിയശേഷമാണ് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ധാരണയിലെത്തിയത്. രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശന ചര്‍ച്ചകള്‍ സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ചേരിതിരിവ് ശക്തമായ സാഹചര്യത്തിലായിരുന്നു രമേശും മുരളീധരനും കൂടിക്കാഴ്ച നടത്തിയതും ഇപ്പോള്‍ മുരളി ഐ ഗ്രൂപ്പില്‍ മടങ്ങിയെത്തിയതും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :