മുരളിക്കെതിരെ അച്ചടക്കനടപടി ഉണ്ടാകും: പീതാംബരന്‍ മാസ്റ്റര്‍

ന്യൂഡല്‍ഹി| WEBDUNIA|
അച്ചടക്ക ലംഘനത്തിന് എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ കെ മുരളീധരനെതിരെ നടപടി ഉണ്ടായേക്കുമെന്ന് പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ടി പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ സി പിയില്‍ ഉണ്ടായിരിക്കുന്ന പുതിയ പ്രശ്നങ്ങള്‍ പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറുമായി ചര്‍ച്ച ചെയ്യുന്നതിനാണ് പീതാംബരന്‍ മാസ്റ്റര്‍ ഡല്‍ഹിയിലെത്തിയിരിക്കുന്നത്.

മുരളിയുടെ നടപടികള്‍ അച്ചടക്ക സമിതി വിലയിരുത്തി ദേശീയ അദ്ധ്യക്ഷന്‍ ശരദ്‌ പവാറിനെ അറിയിക്കും. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പവാര്‍ ആയിരിക്കും നടപടികള്‍ തീരുമാനിക്കുക. മുരളി കോണ്‍ഗ്രസിലേക്ക് പോകുന്ന സാഹചര്യം മനസിലാക്കിയാണ്‌ ഇന്നലെ പാര്‍ട്ടി സംസ്ഥാന കമ്മറ്റി പിരിച്ചുവിടാന്‍ തീരുമാനിച്ചതെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

സംസ്ഥാനത്ത് ഏതെങ്കിലും ഒരു മുന്നണിയില്‍ പ്രവേശിക്കുന്നതിനെക്കുറിച്ച് എന്‍ സി പി ഇപ്പോള്‍ ചിന്തിക്കുന്നില്ല. പാര്‍ട്ടിയുടെ അംഗബലം വര്‍ദ്ധിപ്പിക്കുന്നതിനാണ് ഇപ്പോള്‍ മുന്‍തൂക്കം. കരുണാകരന്‍ പാര്‍ട്ടി വിട്ടപ്പോള്‍ ഡി ഐ സിയില്‍ നിന്ന് വന്ന ഒട്ടു മിക്കവരും പോയിരുന്നു. അതിനാല്‍ മുരളി പോകുന്നത്‌ പാര്‍ട്ടിയെ ദോഷകരമായി ബാധിക്കില്ലെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :