അന്യസംസ്ഥാന ലോട്ടറികളുടെ ഏജന്റുമാരുടെ പക്കല്‍ നിന്നും മുന്‍കൂര്‍ നികുതി പിരിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്‍ദ്ദേശം. നികുതി വകുപ്പിനാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.
ഇതിനിടെ, മുന്‍കൂര്‍ നികുതിയുമായി എത്തിയ അന്യസംസ്ഥാന ലോട്ടറിയുടെ പ്രധാന ഏജന്റുമാരായ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിനെ തിരിച്ചയച്ചു. പാലക്കാട് വാണിജ്യ നികുതി ഓഫീസിലായിരുന്നു ഇവര്‍ നികുതിയുമായി എത്തിയത്. ഹൈക്കോടതി ഉത്തരവ് ലഭിച്ചില്ലെന്ന കാരണം പറഞ്ഞാണ് ഇവരെ തിരിച്ചയച്ചത്.
മുന്‍കൂര്‍ നികുതി അടക്കാന്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് ശ്രമം തുടങ്ങിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമെന്നാണ് സൂചന. മുന്‍കൂര്‍ നികുതി മേഘ അടയ്ക്കാന്‍ ശ്രമിച്ചാല്‍ ഒരു കാരണവശാലും അതു സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം.
അതേസമയം, ലോട്ടറി കേസില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്‍കും. സിംഗിള്‍ ബെഞ്ച് അസ്ഥിരപ്പെടുത്തിയതു ലോട്ടറി ഭേദഗതി ഓര്‍ഡിനന്‍സിലെ ചട്ടം ഉദ്ധരിച്ച വ്യവസ്ഥ മാത്രമാണ്. അതുകൊണ്ടു ലോട്ടറി ഓര്‍ഡിനന്‍സ് അസ്ഥിരപ്പെടുന്നില്ലെന്നും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു.
ഫെബ്രുവരി ഏഴു മുതല്‍ 28 വരെയും മാര്‍ച്ച് ഒന്നു മുതല്‍ 31 വരെയുള്ള നികുതി അടയ്ക്കാന്‍ മേഘ ശ്രമിച്ചതായാണ് വിവരം. ഓര്‍ഡിനന്‍സിലെ നിരക്ക് അനുസരിച്ചാണ് മേഘ നികുതി അടയ്ക്കാന്‍ ശ്രമിച്ചത്. ഒരു നറുക്കെടുപ്പിന് 25 ലക്ഷം വീതം ഈടാക്കാനാണ് ഓര്‍ഡിനന്‍സ് നിര്‍ദ്ദേശിക്കുന്നത്.