മുഖ്യമന്ത്രിയുടെ സഭാപ്രസംഗം വിവാദമാകുന്നു

തിരുവനന്തപുരം| WEBDUNIA| Last Modified ശനി, 26 ഫെബ്രുവരി 2011 (09:24 IST)
PRO
പന്ത്രണ്ടാം നിയമസഭയുടെ അവസാനസമ്മേളനം പിരിഞ്ഞദിവസം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ സഭയില്‍ നടത്തിയ പ്രസംഗം വിവാദമാകുന്നു. മുഖ്യമന്ത്രി സഭയില്‍ നടത്തിയ രാഷ്‌ട്രീയപ്രസംഗം സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് യു ഡി എഫ് സ്പീക്കര്‍ കെ രാധാകൃഷ്ണനു കത്തു നല്കി.

കേരളനിയമസഭയുടെ ചരിത്രത്തില്‍ ഇല്ലാത്ത നടപടിക്കാണു മുഖ്യമന്ത്രി മുതിര്‍ന്നത്. 'സഭ പിരിയാവുന്നതാണ്’ എന്ന പ്രമേയം മുഖ്യമന്ത്രി തന്നെ അവതരിപ്പിച്ചശേഷമാണ്‌ അദ്ദേഹം രാഷ്ട്രീയ പ്രസംഗം നടത്തിയതെന്ന്‌ കോണ്‍ഗ്രസ്‌ നിയമസഭാകക്ഷി സെക്രട്ടറി കെ സി ജോസഫ്‌ പറഞ്ഞു.

സഭ പിരിഞ്ഞതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നടുത്തളത്തിലായിരുന്ന പ്രതിപക്ഷം സഭയ്ക്ക് പുറത്തേക്ക് പോയി. ഇതിനുശേഷമായിരുന്നു സഭയ്ക്കകത്ത് മുഖ്യമന്ത്രിയുടെ രാഷ്‌ട്രീയപ്രസംഗം. എല്ലാ കാര്യപരിപാടിയും കഴിഞ്ഞതിനു ശേഷം മുഖ്യമന്ത്രി സഭയില്‍ നടത്തിയ ഈ പ്രസംഗമാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. അതിനാല്‍, ഇതു സഭാരേഖകളില്‍ വേണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

കാര്യപരിപാടികളെല്ലാം പൂര്‍ത്തിയായി എന്നാണ്‌ അതുവഴി ഉദ്ദേശിക്കുന്നത്‌. അവസാന സെഷന്‍ എന്ന നിലയില്‍ സാധാരണഗതിയില്‍ ഈ‍ പ്രമേയം അവതരിപ്പിക്കപ്പെട്ടതിനു ശേഷം സ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സംസാരിക്കുന്ന പതിവുണ്ട്‌. എന്നാല്‍, ഇത്തവണ ഈ പതിവുകളെല്ലാം തെറ്റുകയും പ്രതിപക്ഷം സഭയ്ക്ക് പുറത്തേക്ക് പോയപ്പോള്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനം നടത്തുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :