മുഖ്യമന്ത്രിക്ക് വന്‍ സുരക്ഷാസന്നാഹം; സംരക്ഷണമൊരുക്കാന്‍ സ്കോര്‍പിയന്‍ കമാന്‍ഡോസ്!

തിരുവനന്തപുരം| WEBDUNIA|
PRO
PRO
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് വന്‍ സുരക്ഷാസന്നാഹം. സുരക്ഷയ്ക്ക് ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ സ്‌കോര്‍പിയന്‍ കമാന്‍ഡോകളെ വീണ്ടും നിയോഗിച്ചു. മുഖ്യമന്ത്രിക്കെതിരേയുള്ള പ്രക്ഷോഭ പരിപാടികള്‍ എല്‍ഡിഎഫ് തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. 30 സ്‌കോര്‍പിയന്‍ കമാന്‍ഡോകളെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. എസ്ബിസിഐഡി ഡിജിപിക്കാണ് കമാന്‍ഡോകളുടെ ചുമതല. ഡിജിപി, ഇന്റലിജന്‍സ് എഡിജിപി എന്നിവരുടെ മേല്‍നോട്ടവുമുണ്ടാകും.

കാറിലോ പൊതു സ്ഥലങ്ങളിലോ ആയിരിക്കുമ്പോള്‍ ചുറ്റും വളഞ്ഞു സുരക്ഷ ഒരുക്കുന്നതാണു സ്‌കോര്‍പിയന്‍ കമാന്‍ഡോകളുടെ രീതി. വിഐപിക്കു നേരേയുണ്ടാകുന്ന ഏതു തരത്തിലുള്ള അക്രമവും പ്രതിരോധിക്കുന്നതിന് ഇവര്‍ക്കു പരിശീലനം ലഭിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിക്ക് 50 മീറ്റര്‍ ചുറ്റളവില്‍ ഇവര്‍ സുരക്ഷയൊരുക്കും. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു മുന്നില്‍ അഞ്ചു കമാന്‍ഡോകള്‍ സഞ്ചരിക്കും. മുഖ്യമന്ത്രി സഞ്ചരിക്കുന്ന വാഹനത്തിനു പിന്നില്‍ പത്തു കമാന്‍ഡോകള്‍ അനുഗമിക്കും.
കഴിഞ്ഞ ഒക്ടോബര്‍ 16നാണു മുഖ്യമന്ത്രിക്കു സുരക്ഷ ഒരുക്കിയിരുന്ന ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ സ്‌കോര്‍പിയന്‍ കമാന്‍ഡോകളെ പിന്‍വലിച്ചത്. ഇവരെ പിന്നീട് ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി അയച്ചു. ഒക്ടോബര്‍ 27നു കണ്ണൂരില്‍ മുഖ്യമന്ത്രിക്കു നേരെ കല്ലേറുണ്ടായതിനു ദിവസങ്ങള്‍ക്കു മുമ്പായിരുന്നു സ്‌കോര്‍പിയന്‍ കമാന്‍ഡോകളെ പിന്‍വലിച്ചത്.

സെക്യൂരിറ്റി എസ്‌കോര്‍ട്ടില്‍ ട്രെയിനിംഗ് ലഭിക്കാത്ത കേരള പോലീസിന്റെ ക്വിക്ക് റിയാക്ഷന്‍ ടീമായിരുന്നു അന്നു മുഖ്യമന്ത്രിക്കു സുരക്ഷ ഒരുക്കിയത്. വിഐപി സുരക്ഷയ്ക്കു പ്രത്യേകം പരിശീലനം ലഭിച്ചവരായി ഐആര്‍ബിയുടെ സ്‌കോര്‍പിയന്‍സും കേരള പൊലീസിന്റെ കമാന്‍ഡോ വിഭാഗമായ തണ്ടര്‍ബോള്‍ട്ടും മാത്രമാണുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :