മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ എംപിമാരുടെ ബഹളം

ന്യൂഡല്‍ഹി| WEBDUNIA|
PRO
കേന്ദ്ര - റെയില്‍വേ ബജറ്റുകള്‍ക്ക്‌ മുന്നോടിയായി മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ വിളിച്ചുചേര്‍ത്ത എംപിമാരുടെ യോഗത്തില്‍ ബഹളം. പ്രധാനമന്ത്രിക്കെതിരെ ആനത്തലവട്ടം ആനന്ദന്‍ എം എല്‍ എ തിങ്കളാഴ്ച നിയമസഭയില്‍ നടത്തിയ പരാമര്‍ശങ്ങളെ ചൊല്ലിയാണ്‌ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ ബഹളം വെച്ചത്‌.

കോണ്‍ഗ്രസ്‌ എംപി പി ടി തോമസാണ് ആദ്യം പ്രതിഷേധം രേഖപ്പെടുത്തി സംസാരിച്ചത്‌. തുടര്‍ന്ന് മറ്റ് അംഗങ്ങളും രംഗത്തെത്തിയതോടെ ബഹളം രൂക്ഷമായി.

സിപിഎം അംഗം എ സമ്പത്ത്‌ ഇതിനെ ചോദ്യം ചെയ്ത്‌ എഴുന്നേറ്റതോടെ രംഗം വഷളായി. വല്ലാര്‍പ്പാടം പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വാക്പോര് ഇരുമുന്നണികളും തുടരുകയാണുണ്ടായത്.

കഞ്ചിക്കോട്‌ കോച്ച്‌ ഫാക്ടറി, മെട്രോ റെയില്‍ പദ്ധതി, ചേര്‍ത്തല വാഗണ്‍ നിര്‍മ്മാണ യൂണിറ്റ്‌ എന്നീ കേന്ദ്ര പദ്ധതികള്‍ക്കായി എംപിമാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ ആമുഖ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.

അരി, ഗോതമ്പ്‌, മണ്ണെണ്ണ എന്നിവയുടെ വിഹിതം വര്‍ദ്ധിപ്പിക്കാന്‍ സമ്മര്‍ദ്ധം ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ സംസ്ഥാന മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :