മാറാട്: ശ്രീധരന്‍പിള്ള ആളാവണ്ടെന്ന് ബിജെപി

കോഴിക്കോട്| WEBDUNIA|
PRO
PRO
മാറാട്‌ കലാപവുമായി ബന്ധപ്പെട്ട് ബി ജെ പി ദേശീയ നിര്‍വാഹക സമിതി അംഗം പി എസ്‌ ശ്രീധരന്‍പിള്ള നടത്തിയ വെളിപ്പെടുത്തല്‍ പാര്‍ട്ടിയെ ചൊടിപ്പിച്ചു. പിള്ളയുടെ വെളിപ്പെടുത്തല്‍ പാര്‍ട്ടി വിരുദ്ധമാണെന്നാണ് പോഷക സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപിക്കുന്നത്.

മാറാട്‌ അക്രമം പടരുന്നത് നിയന്ത്രിക്കാന്‍ മുസ്ലീം ലീഗുമായി രഹസ്യചര്‍ച്ച നടത്തിയെന്ന് പിള്ള ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. പാണക്കാട്‌ തങ്ങളുടെ പ്രതിനിധി സാദിഖലി ശിഹാബ്‌ തങ്ങളുമായി രഹസ്യ കൂടിക്കാഴ്ച നടത്തുകയായിരുന്നു എന്നും പിള്ള വ്യക്തമാക്കിയിരുന്നു. അതേസമയം പിള്ള പാര്‍ട്ടി നയത്തിന് വിരുദ്ധമായി സംസാരിച്ചു എന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്. സംഭവം നടന്നിട്ട് എട്ട് വര്‍ഷമായി. ഇപ്പോള്‍ പിള്ള നടത്തിയ വെളിപ്പെടുത്തല്‍ വിലകുറഞ്ഞതും അവസരവാദപരവും ആണെന്നും പാര്‍ട്ടി പറയുന്നു.

മാത്രമല്ല പിള്ളയെ വിമര്‍ശിച്ച് മല്‍സ്യത്തൊഴിലാളി പ്രവര്‍ത്തക സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റ്‌ എന്‍ പി രാധാകൃഷ്ണന്‍ പാര്‍ട്ടി പത്രമായ ജന്മഭൂമിയില്‍ കത്തെഴുതുകയും ചെയ്തു. നേതൃത്വത്തിന്റെ അറിവോടെ തന്നെയായിരുന്നു കത്ത് എന്നാണ് റിപ്പോര്‍ട്ട്.

പിള്ളയുടെ വെളിപ്പെടുത്തലില്‍ പൊരുത്തക്കേടുകളുണ്ട് എന്ന് കത്തി ചൂണ്ടിക്കാട്ടുന്നു. മാറാട്‌ കലാപം നടക്കുമ്പോള്‍ പാര്‍ട്ടി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ആയിരുന്ന പിള്ളയെ പ്രശ്നം തീര്‍ക്കാന്‍ പാര്‍ട്ടി നിയോഗിച്ചിരുന്നോ എന്നാണ് കത്തില്‍ ചോദിക്കുന്നത്. നടന്നു എന്ന് പിള്ള പറയുന്ന ചര്‍ച്ചയ്ക്ക് ശേഷം ഏറെ നാള്‍ കഴിഞ്ഞാണ്‌ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടത്. കോഴിക്കോട്ടെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ഇടപെട്ടായിരുന്നു ഒത്തുതീര്‍പ്പ്‌ ഫോര്‍മുല ഉണ്ടാക്കിയത് എന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ സ്വാര്‍ഥതാല്‍പര്യ മുതലെടുപ്പിനാണ്‌ പിള്ള ഇപ്പോള്‍ ശ്രമിക്കുന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പിള്ളയുടെ നിലപാട് തന്നെയാണോ പാര്‍ട്ടിയുടേതും എന്നും രാധാകൃഷ്ണന്‍ ചോദിക്കുന്നു. എന്നാല്‍ നേതൃത്വത്തിന് പറയാനുള്ള കാര്യങ്ങള്‍ തന്നെയാണ് രാധാകൃഷ്ണന്റെ കത്തിലൂടെ പുറത്തുവന്നിരിക്കുന്നത് എന്ന് വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ മനസ്സിലാകും. പ്രശ്നത്തിന്റെ ഗൗരവം പാര്‍ട്ടി കേന്ദ്രനേതൃത്വത്തെ സംസ്ഥാനം നേതാക്കള്‍ അറിയിച്ചതായാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :