മാധ്യമങ്ങള്‍ തെളിവുകള്‍ പുറത്തുവിടണം: കോടിയേരി

കാസര്‍കോഡ്| WEBDUNIA|
PRO
ഐസ്ക്രീംപാര്‍ലര്‍ കേസിന്റെ പുനരന്വേഷണത്തിനായി ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍. കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ കൈയില്‍ വിവരങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ അത് പൊലീസിനു കൈമാറണം. ഒരു ചാനലിന്റെ പക്കല്‍ തെളിവുകളുണ്ടെന്നാണ്‌ കേള്‍ക്കുന്നത് എന്നും കോടിയേരി പറഞ്ഞു.

തെളിവുകള്‍ പുറത്തുവിടാതിരിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുമേല്‍ സമ്മര്‍ദ്ദമുള്ളതായും വാര്‍ത്തകളുണ്ട്‌. മാധ്യമസ്വാതന്ത്ര്യമില്ലാത്ത അവസ്ഥ ഗുരുതരമാണെന്നും ഇങ്ങനെയൊരു അവസ്ഥയുണ്ടെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ തുറന്നുപറയണമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോഡ് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസ്‌ അട്ടിമറിച്ചതിനെ കുറിച്ചാണ്‌ ഇപ്പോള്‍ പൊലീസ് അന്വേഷിക്കുന്നത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് കേസ് മുന്നോട്ടു പോകുന്നത്. റെജീനയുടെയും റെജുലയുടെയും മൊഴിമാറ്റത്തിന്റെ രേഖകള്‍ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ്‌ കേസിലെ അട്ടിമറിയെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചതെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

വെള്ളിയാഴ്ച കുഞ്ഞാലിക്കുട്ടി തനിക്കു തെറ്റു പറ്റിയെന്ന് പ്രസ്താവന നടത്തിയപ്പോള്‍ പ്രതിപക്ഷനേതാവ് അതിനെ സ്വാഗതം ചെയ്യുകയാണ് ചെയ്തത്. എന്നാല്‍, വൈകുന്നേരം അതേ പ്രസ്താവന തിരുത്തിയപ്പോള്‍ ഉമ്മന്‍ ചാണ്ടി അതിനെയും സ്വാ‍ഗതം ചെയ്തു. ഇക്കര്യത്തില്‍, ഉമ്മന്‍ ചാണ്ടിയുടെ നിലപാട് അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് താല്പര്യമുണ്ടെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കണമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്ന്‌ തിരുച്ചുവിടാനാണ്‌ ഇടതുപക്ഷത്തിനെതിരെ ചിലര്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :