മാണി ഒപ്പമുണ്ടെങ്കില്‍ യുഡിഎഫ് തോല്ക്കുമെന്ന് പിസി ജോര്‍ജ്

കോട്ടയം| JOYS JOY| Last Modified വെള്ളി, 10 ഏപ്രില്‍ 2015 (16:37 IST)
കെ എം മാണി ഒപ്പമുണ്ടെങ്കില്‍ യു ഡി എഫ് തോല്‍ക്കുമെന്ന് പി സി ജോര്‍ജ്. തിരുവനന്തപുരത്ത് നിന്ന് ഈരാറ്റുപേട്ടയിലേക്കുള്ള യാത്രാമധ്യേ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. മാണി ഉള്‍പ്പെടെയുള്ള അഴിമതി വീരന്മാര്‍ മുന്നണിയില്‍ ഉള്ളിടത്തോളം കാലം യു ഡി എഫ് ഒരു തെരഞ്ഞെടുപ്പും ജയിക്കില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.

പ്രതിച്‌ഛായ മെച്ചപ്പെടുത്താനുള്ള ചര്‍ച്ച യു ഡി എഫ് ഉടന്‍ തന്നെ ആരംഭിക്കണം. മാഫിയ കൂട്ടുകെട്ട് അവസാനിപ്പിച്ച് ജനോപകാരപ്രദമായ നടപടികളുമായി മുന്നോട്ടു പോകണം. യു ഡി എഫിന്റെ അടിത്തറ തകര്‍ന്നു. തന്റെ കത്ത് തള്ളിയവര്‍ സരിതയുടെ കത്ത് വായിച്ചു കാണുമെന്നും പരിഹാസരൂപേണ പി സി ജോര്‍ജ് പറഞ്ഞു.

അഴിമതിക്കെതിരായ പോരാട്ടം താന്‍ തുടരും. കള്ളന്മാര്‍ ഇരുന്ന് നല്ല ഭരണം എന്നു പറഞ്ഞാല്‍ നല്ല ഭരണമാകില്ല. മുന്നണിയില്‍ ഉണ്ടായിട്ടുള്ള പൊട്ടിത്തെറിയുടെ പൊടിപടലങ്ങള്‍ മാണിയുടെ ശ്വാസം മുട്ടിക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു. മാവേലിക്കരയില്‍ വെച്ച് മാണി സരിതയെ കണ്ടുവെന്ന് ഇന്നും ജോര്‍ജ് ആവര്‍ത്തിച്ചു.

മാന്യമായ സ്ഥലത്തേക്ക് ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ താന്‍ ചെല്ലും. മാണിയുടെ അടുക്കളയ്ക്ക് അകത്ത് യോഗം വിളിച്ചാല്‍ താന്‍ പോകില്ല.
ആന്റണിയെ കാലുവാരിയത് കെ എം മാണിയാണ്. പാര്‍ട്ടിക്കുള്ളിലെ പ്രതിപക്ഷമായ താന്‍ സ്ട്രോംഗ് ആണെന്ന് മാണി സമ്മതിച്ചതിന് നന്ദിയുണ്ട്. പ്രായാമാകുമ്പോള്‍ ബോധം ഉദിക്കുന്നതിന് തെളിവാണിതെന്നും ജോര്‍ജ് പറഞ്ഞു. താന്‍ ഉന്നയിച്ച ആരോപണങ്ങളുടെ തെളിവ് താമസിയാതെ വരുമെന്നും ജോര്‍ജ് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :