മലപ്പുറത്ത് വോട്ടിംഗ് മെഷീനുകളിലെ തകരാറില്‍ അസ്വാഭാവികത, 114 ബൂത്തുകളില്‍ വെള്ളിയാഴ്ച റീപോളിംഗ്: തെരഞ്ഞെടുപ്പ് കമ്മീഷന്‍

Malappuram, Thrissur, Election, Panchayath, League, മലപ്പുറം, തൃശൂര്‍, വോട്ട്, തെരഞ്ഞെടുപ്പ്, പഞ്ചായത്ത്, ലീഗ്
തിരുവനന്തപുരം| Last Modified വ്യാഴം, 5 നവം‌ബര്‍ 2015 (20:52 IST)
മലപ്പുറം, തൃശൂര്‍ ജില്ലകളിലെ 114 ബൂത്തുകളില്‍ വെള്ളിയാഴ്ച റീ പോളിംഗ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. മലപ്പുറത്തെ 255 വോട്ടിംഗ് മെഷീനുകള്‍ ഒരുപോലെ തകരാറിലായതില്‍ അസ്വാഭാവികതയുണ്ടെന്നും ഇക്കാര്യത്തില്‍ സമഗ്രാന്വേഷണം നടത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ ശശിധരന്‍ നായര്‍ പറഞ്ഞു. ഏത് തരത്തിലുള്ള അന്വേഷണമായിരിക്കുമെന്ന് റീപോളിംഗിന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മലപ്പുറത്തെ 105 ബൂത്തുകളിലും തൃശൂരിലെ ഒമ്പത് ബൂത്തുകളിലുമാണ് റീ പോളിംഗ് നടത്തുക. മലപ്പുറത്ത് മാത്രം 255 വോട്ടിംഗ് മെഷീനുകളിലാണ് തകരാറ്‌ കണ്ടെത്തിയത്. ‘പ്രസ് എറര്‍’ ആണ് മെഷീനുകളില്‍ സംഭവിച്ചിരിക്കുന്നത്. ഇത് മെക്കാനിക്കല്‍ എററല്ല. ഇങ്ങനെ സംഭവിക്കുന്നത് സ്വാഭാവികമായ കാര്യമല്ല. അതുകൊണ്ടുതന്നെ സമഗ്രാന്വേഷണം നടത്തും - തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

തൃശൂരിലും ചിലയിടങ്ങളില്‍ വോട്ടിംഗ് മെഷീനുകളില്‍ തകരാറ്‌ സംഭവിച്ചു. പക്ഷേ അത്, മലപ്പുറത്തേ വ്യാപകമായ തകരാറുപോലെയല്ല. മലപ്പുറം കളക്ടറുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായതായി താന്‍ പറഞ്ഞിട്ടില്ലെന്നും റീപോളിംഗ് നടക്കാനിരിക്കെ ചുമതലയില്‍ നിന്ന് കളക്ടറെ മാറ്റില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :