മന്ത്രിമാരും ഉദ്യോഗസ്ഥരും അപഥസഞ്ചാരം നടത്തുന്നെന്ന് പിണറായി

മൂന്നാര്‍| Joys Joy| Last Modified ശനി, 10 ജനുവരി 2015 (09:42 IST)
സംസ്ഥാനസര്‍ക്കാരിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും അപഥസഞ്ചാരം നടത്തുന്നെന്ന് സി പി ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ . മൂന്നാറില്‍ സി പി ഐ(എം) ഇടുക്കി ജില്ലാസമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ രാഷ്‌ട്രീയസംസ്കാരം തകര്‍ക്കുന്ന അപ്പസ്തോലനായി ഉമ്മന്‍ ചാണ്ടി മാറിയിരിക്കുകയാണ്. തനിക്കെതിരെ എന്തൊക്കെ കേസുകള്‍ വന്നാലും സ്ഥാനം ഒഴിയില്ലെന്നാണ് അദ്ദേഹത്തിന്റെ തീരുമാനം.
പാമോലിന്‍ കേസില്‍ കോടതിയുടെ രൂക്ഷവിമര്‍ശനം വന്നു. സോളാര്‍ കേസ് അന്വേഷിക്കുന്ന കമ്മീഷന്റെ പരിധിയില്‍ മുഖ്യമന്ത്രി ഉണ്ടെന്നും അദ്ദേഹത്തെ വിസ്തരിക്കുമെന്നും പറഞ്ഞു.

ഇതിന്റെയൊക്കെ അര്‍ത്ഥം മുഖ്യമന്ത്രിക്ക് എതിരെ ജുഡീഷ്യല്‍ അന്വേഷണം നടക്കുകയാണെന്നാണ്. എന്നാല്‍ , എന്നിട്ടും രാജിവെയ്ക്കില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രിയെ കണ്ടാണ് മറ്റു മന്ത്രിമാര്‍ പഠിക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഉപജാപകസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതിന്റെ ഭാഗമാണ് ബാര്‍ കോഴയെന്നും അദ്ദേഹം പറഞ്ഞു. മാണിക്കെതിരായ അന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയത് സംസ്ഥാന പൊലീസുകാര്‍ തന്നെയാണ് . അതേസമയം, മാണിയും രാഷ്‌ട്രീയസംസ്‌കാരത്തിന് യോജിക്കാത്ത രീതിയിലാണ് പെരുമാറുന്നതെന്നും പിണറായി ആരോപിച്ചു.

കേരളത്തില്‍ അഞ്ചിടങ്ങളില്‍ പുനര്‍ മതപരിവര്‍ത്തനം നടന്നു. എന്നാല്‍ ഇതിനെതിരെ ഒരു നടപടിയും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ചില ഒത്തു തീര്‍പ്പുകളുടെ ഭാഗമായാണ് ഘര്‍ വാപ്പസിക്കെതിരെ ഉമ്മന്‍ ചാണ്ടി നടപടിയെടുക്കാത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ ഒത്തുതീര്‍പ്പുകള്‍ എന്താണെന്ന് പിന്നീട് പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനവേദിയില്‍ എത്തിയ ജോയ്സ് ജോര്‍ജ്ജ് എം പിയെ പിണറായി വിജയന്‍ അഭിനന്ദിച്ചു. ആദിവാസി - ദളിത് പ്രശ്‌നങ്ങള്‍ പാര്‍ട്ടി ഏറ്റെടുക്കണം. ഇടുക്കി എം പി ജോയ്സ് ജോര്‍ജും പാലക്കാട് എംപി എം ബി രാജേഷും നടത്തിയ സമരങ്ങള്‍ ആ നിലയ്ക്ക് ഉള്ളതായിരുന്നെന്നും പിണറായി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :