മന്ത്രി ബാബുവിനെതിരെ ക്വിക്ക് വെരിഫിക്കേഷന്‍, ശരിയായ നടപടിയെന്ന് കേരളാ കോണ്‍ഗ്രസ്

Babu, BAR, Antony Raju, Biju Ramesh, Mani, ബാബു, മാണി, ആന്‍റണി രാജു, ബിജു രമേശ്, ബാര്‍ കോഴ
തൃശൂര്‍| Last Modified ബുധന്‍, 9 ഡിസം‌ബര്‍ 2015 (14:17 IST)
മന്ത്രി കെ ബാബുവിനെതിരെ ബാര്‍ കോഴക്കേസില്‍ ക്വിക്ക് വെരിഫിക്കേഷന്‍ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി. മന്ത്രി ബാബുവിനേയും ബിജു രമേശിനേയും ഉള്‍പ്പെടുത്തി ക്വിക്ക് വെരിഫിക്കേഷന്‍ നടത്തി ജനുവരി 23നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

തൃശൂര്‍ മലയാളവേദി ചെയര്‍മാന്‍ ജോര്‍ജ് വട്ടംകുളം നല്‍കിയ പരാതിയിലാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. മന്ത്രി ബാബുവിന് ബിജു രമേശ് 50 ലക്ഷം രൂപ കോഴ നല്‍കിയെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയത്.

ക്വിക്ക് വെരിഫിക്കേഷന്‍ നടത്തണമെന്ന ആവശ്യത്തെ സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ എതിര്‍ത്തു. നേരത്തേ ഒരന്വേഷണം നടന്നതാണെന്നും ഇപ്പോള്‍ ഒരന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അഭിഭാഷകന്‍ കോടതിയില്‍ വാധിച്ചു. അതുകൊണ്ടുതന്നെ പുതിയ അന്വേഷണത്തിന്‍റെ കാര്യമില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ ഈ അന്വേഷണത്തെ നിരുത്സാഹപ്പെടുത്തേണ്ട കാര്യമില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. വീണ്ടും ഒരന്വേഷണം കൂടി നടത്തിയാല്‍ എന്താണ് കുഴപ്പമെന്ന് കോടതി ചോദിച്ചു. തുടര്‍ന്ന് ക്വിക്ക് വേരിഫിക്കേഷന് ഉത്തരവിടുകയായിരുന്നു.

നേരത്തേ ഒരന്വേഷണം നടത്തിയതാണെന്നും തൃശൂര്‍ വിജിലന്‍സ് കോടതിയുടെ വിധി അറിഞ്ഞശേഷം പ്രതികരിക്കാമെന്നും കെ ബാബു പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. കോടതി നിര്‍ദ്ദേശിച്ചതാണ് ശരിയായ അന്വേഷണമെന്നും ഇപ്പോള്‍ എടുത്തിരിക്കുന്നതാണ് ശരിയായ നടപടിയെന്നും കേരള കോണ്‍ഗ്രസ് എം നേതാവ് ആന്‍റണി രാജു പ്രതികരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :