മന്ത്രി ജോസഫ് ‘പെരിയാറില്‍’ താമസം തുടങ്ങി

തിര‌ുവനന്തപുരം| WEBDUNIA|
മന്ത്രിമാര്‍ക്കായി നിര്‍മ്മിച്ച പുതിയ വീട്ടില്‍ മന്ത്രി പി ജെ ജോസഫ് താമസം തുടങ്ങി. പെരിയാര്‍ എന്നാണ് വീടിന് പേരിട്ടിരിക്കുന്നത്. മന്ത്രിമാര്‍ക്കായി പുതിയ ആറുവീടുകളാണ് നിര്‍മ്മാ‍ണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്. ഈ വീടുകള്‍ക്കെല്ലാം പുഴകളുടെ പേരാണിട്ടിരിക്കുന്നത്.

മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികള്‍ കുറവായതിനാലും നിലവിലുള്ള ചിലവീടുകള്‍ പഴകിയതിനാലുമാണ് കഴിഞ്ഞ ഇടത് സര്‍ക്കാറിന്റെ കാലത്ത് പുതിയ വീടുകളുടെ പണി ആരംഭിച്ചത്. ക്ലിഫ് ഹൌസിന്റെ അടുത്താണ് പി ജെ ജോസഫ് താമസമാക്കിയ പെരിയാര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

മറ്റ് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി വര‌ുന്നതേയുള്ളു. ആരോഗ്യമന്ത്രി അടൂര്‍പ്രകാശിന്റെ വീടായ ‘പമ്പയും’ ക്ലിഫ് ഹൌസിന്റെ സമീപത്ത് തന്നെയാണ്.

കന്റോണ്‍മെന്റ് ഹൌസിന് സമീപത്താണ് ബാക്കി നാലുവീടുകള്‍. ഭാവനി, നിള, കൃഷ്ണ, കാവേരി എന്നീ വീടുകളാണ് ഇവിടെ ഒര‌ുങ്ങുന്നത്. ഇവിടങ്ങളില്‍ യഥാക്രമം മന്ത്രിമാരായ പി കെ അബ്ദുറബ്ബ്, പി കെ ജയലക്ഷ്മി, എ പി അനില്‍കുമാ‍ര്‍, കെ ബാബു എന്നിവരായിരിക്കും താമസിക്കുക.

ഒരോ വീടുകള്‍ക്കും നാല് കിടപ്പുമുറിയും 5000 ചതുരശ്രയടി വിസ്തീര്‍ണവുമുണ്ട്. പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൌസ് പുതുക്കി പണിയുന്നതിനാല്‍ വി എസ് അച്യുതാനന്ദന്‍ ഇപ്പോള്‍ വാടകവീട്ടിലാണ് താമസിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :